ഇ-മൊബിലിറ്റി കോൺക്ലേവും വൈദ്യുത വാഹന ചാർജ്ജിംഗ് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനവും

Share

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കേരള സർക്കാർ ഇ-മൊബിലിറ്റി പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് വൈദ്യുത വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബി.യെയാണ് തെരഞ്ഞെടുത്തിട്ടുണ്ട്.

അതുപ്രകാരം കേരളത്തിലുടനീളം 63 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും 1166 പോൾ മൌണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന. വിപുലമായ ഒരു ശൃംഖലയാണ് കെ.എസ്.ഇ.ബി. സജ്ജമാക്കിയിട്ടുള്ളത്. ഇരുചക്ര മുച്ചക്രവാഹനങ്ങൾക്കായി വിതരണ പോളുകളിൽ സ്ഥാപിച്ച പോൾ മൌണ്ടഡ് സ്റ്റേഷനുകൾ ദേശീയ തലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വൈദ്യുതവാഹനരംഗത്ത് രാജ്യത്തിനകത്തും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിനും നമ്മുടെ സംസ്ഥാനത്ത് ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കുന്നതിനുമായി ഈ രംഗത്തെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുക്കൊണ്ട് കെ.എസ്.ഇ.ബി. സംഘടിപ്പിക്കുന്ന ഇ-മൊബിലിറ്റി കോൺക്ലേവ് നാളെ രാവിലെ 9.30-ന് തിരുവനന്തപുരം വൈദ്യുതി ഭവനിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

ചാർജ്ജിംഗ് സ്റ്റേഷനുകൾക്കായി കെ.എസ്.ഇ.ബി. രൂപകല്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ വൈദ്യുതി മന്ത്രി പ്രകാശനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. രാജൻ എൻ. ഖോബ്രഗഡെ സ്വാഗതം ആശംസിക്കും.