വാട്ടർ ഫെസ്റ്റ് : മനസ്സു നിറയ്ക്കും വിഭവങ്ങളുമായി ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റ്

Share

കോഴിക്കോട്: ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പോലെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുമായി ഒരു മാർക്കറ്റ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിലൊരുക്കിയ ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റിലാണ് കോഴിക്കോട്ടുകാർക്ക് വിരുന്നൊരുക്കിയത്. പ്രവേശന കവാടം കടന്നാലുടൻ കാണുന്നത് ഒരു പഞ്ചാബി ധാബയാണ്. പാനി പുരി, ഭേൽ പുരി, സമോസ ചാറ്റ്, പപ്പടി ചാറ്റ്, പഞ്ചാബി കുൽഫി തുടങ്ങിയ അടിപൊളി പഞ്ചാബി രുചികൾ ട്രൈ ചെയ്യാൻ പറ്റിയ സ്പോട്ടാണിത്. തൊട്ടടുത്തായി വിവിധ തരം കുലുക്കി സർബത്തുകളുമായി കുലുക്കി കൾട്ട് സ്റ്റാളുണ്ട്. ചൂടത്ത് ഒരിത്തിരി കൂൾ ആകാനായി ആളുകൾ ഇവിടെയെത്തുന്നു. വിവിധ തരം മട്ടൺ ഷവർമകൾ, കുഴിമന്തി, ഫ്രൈഡ് ചിക്കൻ എന്നിവ ലഭിക്കുന്ന നിരവധി സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫലാഫിൽ, ബർഗർ, ചിക്കൻ പോപ്പ് തുടങ്ങി വിവിധ റോളുകൾ 30 രൂപ മുതൽ ലഭിക്കുന്ന സ്റ്റാളിലും വൻ തിരക്കാണ്.

നല്ല ചായയും ചൂടു പലഹാരങ്ങളുമായി സൊറ പറഞ്ഞിരിക്കുന്ന ഒട്ടേറെ പേരെ ഇവിടെ കാണാം. സന്ദർശകർക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ തരം ബജികൾ, ചില്ലി ഗോപി തുടങ്ങി കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി എന്നിവയും ഇവിടെ നിന്നും വാങ്ങാം. ജലമാമാങ്കം ആസ്വദിക്കാനെത്തുന്നവരാരും ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റിൽ കയറാതെ പോകുന്നില്ല എന്നതാണ് സത്യം. ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ ഇവിടെ നിന്നും കഴിക്കാം.

വ്യത്യസ്തമായ പേരുകളാൽ ആളുകളെ ആകർഷിക്കുന്ന ചില സ്റ്റാളുകളും ഇവിടെ കാണാം. കടാത്തെ ബട്ക്കണിയാണ് ഇതിൽ ഒന്ന്. അവിടെ ചെന്നാൽ ത്രെഡ് ചിക്കൻ, ബ്രെഡ്‌ റോൾ, ചെമ്മീൻ ബോൾ എന്നിങ്ങനെ വെറൈറ്റി പലഹാരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈന്തും പിടിയുമാണ് ഭക്ഷ്യമേളയിലെ മറ്റൊരു താരം. നല്ല നാടൻ രുചികളുമായി എത്തിയ സ്റ്റാളിൽ തേങ്ങാചോറ്, കപ്പ, ഈന്തും പിടിയും തുടങ്ങി വെറൈറ്റി രുചിക്കൂട്ടുകൾ കഴിക്കാൻ ഒത്തിരി പേരാണ് എത്തുന്നത്. ലൈവ് കൗണ്ടറുകളാണ് മറ്റൊരു പ്രധാന ആകർഷണം. ഓരോന്നും ഉണ്ടാക്കുന്നത് ലൈവായി കാണാം. ഒപ്പം ചൂടോടെ രുചിക്കാം എന്നതു തന്നെയാണ് പ്രത്യേകത. ചക്ക, മാങ്ങ, തേങ്ങ ഐസ്ക്രീമുകളുള്ള സ്റ്റാളുകളിൽ കുട്ടികളാണ് കൂടുതലുമെത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ ചെമ്മീൻ കട്ലറ്റ്, ഫിഷ് കൽമാസ്, കല്ലുമ്മക്കായ നിറച്ചത്, ചെമ്മീൻ ലോലിപോപ്പ് തുടങ്ങിയ മത്സ്യരുചികളുടെ കലവറ ഇവിടെയുണ്ട്. കപ്പയും മീൻ കറിയുമാണ് അവിടെ ആളുകൾ ചോദിച്ചെത്തുന്ന മറ്റൊരു ഐറ്റം.