ശുചിത്വ മിഷൻ ‘അദൃശ്യം’ വീഡിയോ-പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം : ഒന്നാം സമ്മാനം 25000 രൂപ

Share

തിരുവനന്തപുരം: കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്‌കരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ‘അദൃശ്യം’ വീഡിയോ, പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 16 വരെ നീട്ടി. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളും, പോസ്റ്ററുകളുമാണ് മത്സര ഇനങ്ങൾ. താത്പര്യമുള്ളവർ ശുചിത്വ മിഷൻ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന എൻട്രിഫോമിൽ രജിസ്റ്റർ ചെയ്തു വീഡിയോകളും പോസ്റ്ററുകളും അപ്ലോഡ് ചെയ്യണം.

ശാസ്ത്രീയ കക്കൂസ് മാലിന്യ പരിപാലനത്തിന്റെ അനിവാര്യത സംബന്ധിച്ച് പൊതുജനാവബോധം വളർത്തുന്നതിന് ഉതകുന്ന തരത്തിലാവണം പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. അദൃശ്യമായ അപകടത്തെ ജനങ്ങൾക്ക് ബോധ്യമാക്കുക എന്ന ഉദ്ദേശത്തോടെ Making Invisible Visible എന്ന ടാഗ് ലൈൻ ആണ് മത്സരത്തിനു നൽകിയിരിക്കുന്നത്. വീഡിയോകൾ (റീൽസ്) HD MP 4 ഫോർമാറ്റിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തതിന്റെ വീഡിയോ ലിങ്ക് ശുചിത്വ മിഷൻ ലഭ്യമാക്കുന്ന ഗൂഗിൾ ഫോമിൽ നൽകണം.

ഒന്നാം സമ്മാനം 25,000 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം- 15,000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 10,000 രൂപയും സർട്ടിഫിക്കറ്റും ആണ്. പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 200 റെസൊല്യൂഷനിൽ തയ്യാറാക്കിയ ഡിസൈൻ സമർപ്പിക്കാം. ഒന്നാം സമ്മാനം 15,000 രൂപയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 10,000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 5,000 രൂപയും സർട്ടിഫിക്കറ്റും. സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾ ശുചിത്വ മിഷൻ വെബ്സൈറ്റിലും ഫേസ്ബുക് പേജിലും ലഭ്യമാണ്