തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കും: പി എ മുഹമ്മദ് റിയാസ്

Share

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക് വരെ മന്ത്രി നേരിട്ട് പരിശോധന നടത്തി.

രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. ജില്ലാതല പരിശോധനയും മുഖ്യമന്ത്രിയുടെ പരിശോധനയും ബൈപ്പാസ് നിർമാണത്തിലുണ്ടാകും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.