വർണ്ണപ്പകിട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ കഴിവുകൾ അവതരിപ്പിക്കാൻ സ്ഥിരം വേദി: മന്ത്രി ആർ ബിന്ദു

Share

തിരുവന്തപുരം: ട്രാൻസ്ജൻഡർ വ്യക്തികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു . ഈ വിഭാഗത്തിലുള്ളവർക്ക് വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൂടിയാകും ഇതെന്നും മന്ത്രി പറഞ്ഞു. ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ തിരുവനന്തപുരത്ത് നടക്കുന്ന ട്രാൻസ്ജെൻഡർ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര വികസനം ഉറപ്പാക്കാൻ രൂപം നൽകിയ ‘മഴവില്ല്’ പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇവരെ മുഖ്യധാരയിലേക്കുയർത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ് ജൻഡർ വിഭാഗത്തിന് രണ്ട് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജെൻഡർ സമൂഹത്തിന് എല്ലാത്തരത്തിലുമുള്ള സാമൂഹികനീതി ഉറപ്പാക്കുകയെന്നതു സർക്കാർ നയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാമൂഹികനീതിയിലൂന്നിയ സർക്കാർ സമീപനത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ ട്രാൻസ്ജെൻഡർ നയമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കൂടുതൽ മുന്നോട്ട് വരുന്നതിനായി സാമ്പത്തിക ശാക്തീകരണം അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.