സെന്റർ ഓഫ് എക്സലൻസിൽ അപൂർവ രോഗങ്ങളുടെ രജിസ്ട്രേഷൻ ഈ മാസം മുതൽ: വീണാ ജോർജ്

Share

തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി അപൂർവ രോഗങ്ങൾക്കുള്ള രജിസ്ട്രേഷൻ ഈ മാസം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗങ്ങളുള്ള രോഗികൾക്കും കുടുംബത്തിനുമുള്ള സംശയ നിവാരണം, സെന്റർ ഓഫ് എക്സലൻസ് പൂർണമായും പ്രയോജനപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. പരിശീലനം ലഭിച്ച ജീവനക്കാരെ ഹെൽപ്പ് ഡെസ്‌കിൽ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയുടെ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ എവിടെ അപൂർവ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് വഴിയായിരിക്കും രജിസ്റ്റർ ചെയ്യുക. ഇവർക്ക് സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴി അതത് ആശുപത്രികളിൽ ചികിത്സ ലഭിക്കും. ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്താനുള്ള പ്രവർത്തനമാരംഭിക്കാൻ മന്ത്രി നിർദേശം നൽകി.

മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമുള്ള ജനറ്റിക്സ് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കുന്നതാണ്. സൗകര്യങ്ങൾ വർധിപ്പിച്ച് പിജി കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.