ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നു: എം.ബി. രാജേഷ്

Share

തിരുവനന്തപുരം: ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നുവെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തോക്കിനും തുറുങ്കിനുമിടയിലുള്ള സ്വാതന്ത്ര്യമായി രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം മാറുന്നതായും മന്ത്രി പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘മാധ്യമം – പത്രപ്രവർത്തനം മാറുന്ന വാർത്താ ലോകം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ അട്ടിമറികൾക്കു പോലും സാധൂകരണം നൽകുന്ന നിലപാടാണു മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രധാന ദേശീയവിഷയങ്ങളിലേക്കു ജനശ്രദ്ധ എത്തിക്കാൻ സംസ്ഥാനത്തെ മാധ്യമങ്ങളും ജാഗ്രത കാണിക്കുന്നില്ല. പകരം പുരോഗമനപരമായ പല ആശയങ്ങളോടും എതിരു നിൽക്കുന്നതായും മന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തനം പലപ്പോഴും ലെയ്സൺ വർക്കായി മാറുകയാണെന്ന് എഴുത്തുകാരനും ഓപ്പൺ മാസിക എക്സിക്യൂട്ടീവ് എഡിറ്ററുമായ എൻ.പി ഉല്ലേഖ് അഭിപ്രായപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾക്കു നേരെയുള്ള കടന്നാക്രമണം സമൂഹത്തിന് എത്രത്തോളം ഗുണകരമാണെന്ന് ചിന്തിക്കേണ്ടതുണ്ടെന്നു മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു.