എൽ ബി എസ് വനിത എൻജിനീയറിംഗ് കോളേജ് സ്ത്രീ ശക്തിയുടെ തിളക്കമാർന്ന അധ്യായം: മന്ത്രി ഡോ. ആർ ബിന്ദു

Share

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തിളങ്ങുന്ന അധ്യായമാണ് എൽ ബി എസ് വനിതാ എൻജിനീയറിംഗ് കോളേജെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു . പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൺ (LBSITW) പുതുതായി നിർമ്മിച്ച അഡീഷണൽ ഹോസ്റ്റൽ ബ്ലോക്കിന്റെയും, എൽ.ബി.എസ്. സ്‌കിൽ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോളേജിലെ 5 വനിത അധ്യാപികമാർ പേറ്റന്റ് നേടി, വിസാറ്റ് ലോഞ്ചിംഗും റോബോട്ടിക്‌സ് ക്ലബ്ബുമടക്കം വിവിധ നേട്ടങ്ങളാണ് ഇക്കാലയളവിൽ കോളേജ് നേടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്ത് റോബോട്ടിക്‌സ് ക്ലബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മനുഷ്യ ജീവിതത്തെ സഹായിക്കാൻ കഴിയുന്ന രീതിയിൽ സൈദ്ധാന്തിക അറിവുകളെ പ്രായോഗികമാക്കി മാറ്റണം.ഹോസ്റ്റൽ, സ്മാർട്ട് ക്ലാസ്,ആധുനിക ലാബുകളുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 1000 കോടി രൂപ കഴിഞ്ഞ നാല് വർഷങ്ങളിലായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചു.

Ad 2

വി സാറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റർട്ടപ്പ് മിഷൻ മുഖേന 31 ലക്ഷം രൂപ എൽ ബി എസ് എൻജിനീയറിംഗ് കോളേജിന് നൽകാൻ ഗവൺമെന്റിന് കഴിഞ്ഞു. എൽ ബി എസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുതിയ തലമുറ സ്‌കിൽ കോഴ്‌സുകൾ മാതൃകാപരമാണ്. എൽ ബി എസ് പരീക്ഷയും സർട്ടിഫിക്കറ്റും നടത്തുകയും ഫ്രാഞ്ചൈസികൾ കോഴ്‌സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 4.5 കോടി രൂപ ചെലവഴിച്ചാണ് നിലവിലെ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും അഭിമാനകരമായ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ കൈവരിക്കാൻ അക്കാദമിക് സമൂഹത്തിന് ആശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഫ്രാഞ്ചൈസികൾക്കുള്ള സർട്ടിഫിക്കറ്റും റോബോട്ടിക്‌സ് ക്ലബ്ബിനുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു. വി സാറ്റ് പദ്ധതിക്ക് നൽകിയ സംഭാവനകൾക്കുള്ള സ്‌നേഹോപഹാരം പ്രോജക്ട് അംഗങ്ങൾ മന്ത്രിക്ക് സമ്മാനിച്ചു.