‘കർമ്മചാരി’, പഠനത്തോടൊപ്പം ജോലി: പദ്ധതി ഉടൻ

Share

എറണാകുളം: പഠനത്തോടൊപ്പം ജോലി എന്ന ആശയം മുൻനിർത്തി നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കർമ്മചാരി പദ്ധതിയുടെ ആദ്യ ഘട്ട ആലോചനാ യോഗം ചേർന്നു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ലേബർ കമ്മീഷ്ണർ കെ. വാസുകിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് കർമ്മചാരി പദ്ധതി നടപ്പിലാക്കുന്നത്.

വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികൾ പഠനത്തോടൊപ്പം തൊഴിലെടുക്കുന്നത് സർവ്വസാധാരണമായ കാഴ്ചയാണ്. അത്തരത്തിൽ പഠനത്തിനാവശ്യമായ ഫീസും അനുബന്ധ ചെലവുകളും സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തുന്നതിനും അതുവഴി പുത്തൻ സമൂഹത്തെ വാർത്തെടുക്കുന്നതിനുമാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയിൽ ഉൾപെടുത്താൻ കഴിയുന്ന തൊഴിൽ മേഖലകൾ, വേതനം, തൊഴിൽ സമയം എന്നിവയിൽ വിവിധ വിഭാഗങ്ങളിലുള്ള തൊഴിലുടമകളുടെ അഭിപ്രായങ്ങൾ ആരായുകയും അതുവഴി രൂപരേഖ തയ്യാറാക്കുന്നതിനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നും ലേബർ കമ്മീഷ്ണർ ആലോചനാ യോഗത്തിൽ അറിയിച്ചു.