വ്യവസായ വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി: കോതമംഗലത്ത് ലോൺ-ലൈസൻസ് മേളയും ശില്പശാലയും

Share

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലോൺ – ലൈസൻസ് മേളയും ശില്പശാലയും സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.കെ ടോമി നിർവഹിച്ചു.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ലോൺ – ലൈസൻസ് സംബന്ധമായ സംശയങ്ങൾ നീക്കുന്നതിനും എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ അനുവദിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭകരാകാൻ താല്പര്യമുള്ള 80 പേർ മേളയിൽ പങ്കെടുത്തു.

Ad 4

സംരംഭക വർഷം പദ്ധതിയുടെ ആദ്യഘട്ടത്തിൽ (2022-23) ആകെ 196 പുതിയ സംരംഭങ്ങളാണ് കോതമംഗലം നഗരസഭാ പരിധിയിൽ ആരംഭിച്ചത്. സംരംഭക വർഷം രണ്ടാംഘട്ടത്തിൽ (2023-24) ഇതുവരെ 157 സംരംഭങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ മാർജിൻ മണി ഗ്രാന്റ് പ്രകാരം ലോൺ അനുവദിച്ച പി.എ അൻസില എന്ന നവ സംരംഭകയ്ക്ക് അനുമതി പത്രം കൈമാറി. താലൂക്ക് വ്യവസായ കേന്ദ്രവും നഗരസഭയും സംയുക്തമായാണ് മേള നടത്തിയത്.

നഗരസഭ കാര്യാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ രമ്യ വിനോദ്, കെ.വി തോമസ്, ബിൻസി തങ്കച്ചൻ, അഡ്വ. ജോസ് വർഗീസ്, കൗൺസിലർ മാരായ റോസ്‌ലി ഷിബു, റിൻസ് റോയി, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാരായ നീനു പോൾ, ജിറ്റു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.