മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: കെ എൻ ബാലഗോപാൽ

Share

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായലുകൾ, തടാകങ്ങൾ, പുഴകൾ, ശുദ്ധജലതടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ജലസമ്പത്തിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയണം. ഇതിന് ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയും. ഇതിനുളള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനത്തിനു സഹകരണ സംഘങ്ങളിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിനാവശ്യമായ ആധുനിക യാനങ്ങൾ സംസ്ഥാന സർക്കാർ ലഭ്യമാക്കും. ജനസംഖ്യയിൽ കേരളത്തെക്കാൾ കുറവുള്ള നോർവേ ആഴക്കടൽ മത്സ്യബന്ധനത്തിൽ ബഹുദൂരം മുന്നിലാണ്.