മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടി കടുപ്പിച്ച് ഫിഷറീസ് വകുപ്പ്

Share

കണ്ണൂർ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് നടപടിയെടുക്കുക.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന ഉരുവോ സ്വതന്ത്ര വലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വേലിയേറ്റ സമയത്ത് ഉറപ്പിച്ചയന്ത്രം ഉപയോഗിച്ചും നാല് മീറ്ററില്‍ കൂടുതല്‍ വായ്വട്ടമുളള കുറ്റിവല അഥവാ ഊന്നിവല ഉപയോഗിച്ചുമുളള മത്സ്യബന്ധനം തടയും. പ്രജനനത്തിന് സഹായകരമായ വസ്തുക്കള്‍ സ്വകാര്യമായി സ്ഥാപിച്ചുളള മത്സ്യബന്ധനം, സംരക്ഷിത മത്സ്യപ്രദേശങ്ങളില്‍ നിന്നോ സംരക്ഷിത മത്സ്യസങ്കേതങ്ങളില്‍ നിന്നോ ഉളള മത്സ്യബന്ധനം, അഴിമുഖത്ത് നിന്ന് കായല്‍ ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ വരെയുളള ദൂരത്തില്‍ ഊന്നിവല ഉപയോഗിച്ചുളള മത്സ്യബന്ധനം, തുടങ്ങിയവ അനുവദിക്കില്ല.

തോട്ട പൊട്ടിക്കല്‍, വിഷം കലര്‍ത്തല്‍, വെളളത്തിലൂടെ വൈദ്യുതി കടത്തി വിടല്‍ എന്നിവയും കര്‍ശനമായി തടയും. ഒരു മീറ്ററില്‍ കൂടുതല്‍ നീളമോ വീതിയോ ഉളള വലകളില്‍ കണ്ണി വലിപ്പം 20 മില്ലീമീറ്റര്‍ കുറയാന്‍ പാടില്ല. മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മ്മിതികളോ ജലാശയങ്ങളില്‍ മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടില്ല. ഒരു വ്യക്തിക്ക് 100 ഘനമീറ്റര്‍ വിസ്തൃതിയില്‍ കൂടുതല്‍ മത്സ്യക്കൂടുകളും, 25 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കൂടുതലായി തട്ടുകളും, 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലായി വലവളപ്പുകളും അനുവദനീയമല്ല.