കവര്‍ ആന്റ് കെയര്‍ :പട്ടിക വര്‍ഗ്ഗ ഊരുകളിലെ വനിതകളുടെ സാമ്പത്തിക ഉന്നമനവും ആരോഗ്യ സംരക്ഷണവും നല്കുന്നതിനായുള്ള പദ്ധതി

Share

ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാര്‍ ആയുഷ് – ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന പദ്ധതിയാണ് ‘കവര്‍ ആന്റ് കെയര്‍’. ഊരുകളിലെ വനിതകളുടെ സാമ്പത്തിക ഉന്നമനവും ആരോഗ്യ സംരക്ഷണവും ആണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങള്‍ക്കാവശ്യമായ പേപ്പര്‍ കവര്‍ ക്യാരി ബാഗ് നിര്‍മ്മിച്ച് നല്‍കാൻ ആവശ്യമായ പരിശീലനവും സഹായവും തിരഞ്ഞെടുക്കപ്പെട്ട ഊരുകളില്‍ ലഭ്യമാക്കും.

കവര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മെഷിനുകള്‍, അസംസ്‌കൃത വസ്തുക്കള്‍, പരിശീലനം എന്നിവ സൗജന്യമായി നല്കുകയും ഇത്തരത്തിൽ ഊരുകളിൽ ഉത്പാദിപ്പിക്കുന്ന കവറുകൾ മാസംതോറും ശേഖരിക്കുന്ന ദിവസം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഊരിലെ ആരോഗ്യ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തനരീതി.

ആദ്യഘട്ടം എന്ന നിലയിലാണ് അഞ്ചുകുടിയിൽ നിലവിൽ പദ്ധതി ആരംഭിക്കുന്നത്. ഈ സംരംഭം വികസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകും. കവറുകളിൽ പ്രിന്റിംഗ് നടത്തുന്നതിനുള്ള ഉപകരണങ്ങളും ഭാവിയിൽ ലഭ്യമാക്കും. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമായ മാതൃകാപരമായ പല പദ്ധതികളും ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ ക്രിയാത്മകമായ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും.