ചാംപ്യൻസ് ബോട്ട് ലീഗ് ഒരുക്കങ്ങൾ പൂർത്തിയായി; ജലരാജാവിനെ തേടി കൊച്ചി

Share

കൊച്ചി: വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മാറ്റ് കൂട്ടുന്ന ചാംപ്യൻസ് ബോട്ട് ലീഗ് (സി.കൊച്ചിയുടെ ബി.എൽ) ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. നഗരത്തെ വളളംകളിയുടെ ആവേശത്തിലേക്കുയർത്തുന്ന ജലരാജാക്കന്മാരായ ചുണ്ടന്മാരും പോരാട്ടവീര്യത്തിന്റെ കഥകളുമായി ഇരുട്ടുകുത്തി വള്ളങ്ങളും കൊച്ചി കായലിൽ എത്തി. സ്റ്റേജും പവലിയനുകളും ഉൾപ്പടെയുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയിൽ നടത്തുന്ന സി.ബി.എല്ലിന്റെ രണ്ടാം സീസണിലെ അഞ്ചാം മത്സരമാണ് എറണാകുളം മറൈൻഡ്രൈവിൽ അരങ്ങേറുന്നത്. സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും ചേർത്ത് അക്ഷരാർത്ഥത്തിൽ കൊച്ചി കായലിലെ ജലോത്സവമാക്കി മാറ്റാനാണ് അധികൃതരുടെ ലക്ഷ്യം.

മറൈൻഡ്രൈവിനടുത്തുള്ള അബാദ് ഫ്ലാറ്റിന് സമീപത്തെ ഫിഷറീസ് ഓഫീസിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റ് രണ്ടാം മഴവിൽ പാലത്തിന് സമീപത്താണ്. ഈ ഭാഗങ്ങളിൽ ടീമംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.വാട്ടർ സ്കീയിങ്ങ് പോലുള്ള അഭ്യാസ മുറകൾ നാവിക സേന ഒരുക്കിയിട്ടുണ്ട്. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളിൽ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും.