കേരളത്തിന്റെ ജീവിതശൈലീ കാമ്പയിൻ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം

Share

ന്യൂ ഡൽഹി: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവർത്തനങ്ങൾ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചത്.

സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നവീന ആരോഗ്യ പദ്ധതികളായ ജീവിതശൈലീ രോഗ നിർണയ കാമ്പയിൻ, ഗുരുതര ശ്വാസകോശ രോഗങ്ങൾക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ രാജ്യത്താകമാനം മാതൃകയാകുമെന്ന് യോഗം വിലയിരുത്തി.

‘ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും’ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളും അവ നേരിടുന്നതിന് സംസ്ഥാന സർക്കാർ അവലംബിച്ചു വരുന്ന പുതിയ പദ്ധതികൾ, നയപരമായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പുതിയ നേട്ടങ്ങൾ എന്നിവ സംബന്ധിച്ചും അവതരണം നടത്തി.

പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും കൂടുതൽ കൊണ്ടും കേരളത്തിലെ ആരോഗ്യ പ്രശ്നങ്ങൾ, അവയുടെ പരിഹാരങ്ങൾ, അവ നേരിടുന്നതിന് സംസ്ഥാന സർക്കാർ നയപരമായും അല്ലാതെയുമായി നടപ്പിലാക്കുന്ന പരിശോധനകൾ, പരിപാടികൾ എന്നിവയും എടുത്തു പറയാനായി. കാൻസർ കെയർ, ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് സർവയലൻസ്, മെറ്റബോളിക് സ്‌ക്രീനിംഗ്, സാംക്രമിക രോഗ സ്ഥിരീകരണം, ക്ഷയരോഗ നിർണയം, ഔട്ട്ബ്രേക്ക് റസ്പോൺസ് ലാബ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടി ജില്ലകളിൽ ഹബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റവും തയ്യാറാക്കി വരുന്നു.

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 60 ലക്ഷത്തോളം ആൾക്കാരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇതിലൂടെ കാൻസർ രോഗ സാധ്യത കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിംഗിനായി ശലഭം, ഹൃദ്യം പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി വഴി 5,200ലധികം പേർക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായെന്നും മന്ത്രി വ്യക്തമാക്കി.