ചൈൽഡ് ഹെൽപ്പ് ലൈനിൽ 13 ഒഴിവുകൾ : ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിൽ ഒഴിവുകൾ. തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിവും, കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കുമാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

നിലവിൽ റിപ്പോർട്ട് ചെയ്‌ത ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 40 വയസാണ്. വിദ്യാഭ്യാസ യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.