ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറ്റം; ഇടപാട് പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോലീസിന് ഒന്നും ചെയ്യാനില്ല: കോട്ടയം എസ് പി | WIFE SWAPPING CASE

Share

കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് (Wife Swapping Case) ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തില്‍ കോട്ടയം (Kottayam) ജില്ലാ പോലീസ് മേധാവി ഡി ശില്‍പ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു.

പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി ശില്പ വിശദീകരിച്ചു. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

ഫലത്തില്‍ മോറല്‍ പോലീസിംഗ് ആയി ഇതു മാറും എന്നാണ് പോലീസ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് നടപടി എടുക്കാന്‍ ആകു എന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി.

അല്ലെങ്കില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. അയ്യായിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അതിലൊന്നും തുടര്‍ നടപടി എടുക്കാന്‍ ആകാത്ത അവസ്ഥയിലാണ് കോട്ടയം പോലീസ്.

കോട്ടയത്ത് നിലവില്‍ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്‍കി.

അതാണ് കേസില്‍ നിര്‍ണായകമായത് എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോട്ടയം സ്വദേശിനി നല്‍കിയ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടിക്കാന്‍ പോലീസിന് ആയത്.