എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കുന്നു: ഡോ. ആർ ബിന്ദു

Share

തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ ഈ വർഷം തന്നെ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവർക്കും എളുപ്പം എത്തിച്ചേരാവുന്ന ഇടത്തിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് മാറിയതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റെഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ ആൻഡ് ഹെൽപ്പ്‌ലൈൻ ഇൻഫർമേഷൻ സിസ്റ്റം ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി മിഷൻ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.