നീതി ദേവത കൊല ചെയ്യപ്പെട്ട ദിവസം: ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിസ്റ്റർ ലൂസി | SISTER-LUCY | FRANKO

Share

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിക്കെതിരെ കുറുവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകൾ. ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ഇവർ പ്രതികരിച്ചു

ഇരയായ കന്യാസ്ത്രീക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ സിസ്റ്റർ അനുപമ അടക്കമുള്ളവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ വിശ്വസിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. പോലീസും പ്രോസിക്യൂഷനും ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല.

അന്വേഷണ സംഘത്തിൽ ഇന്നും വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. തീർച്ചയായും അപ്പീൽ പോകും. മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകൾ ആവർത്തിച്ചു.

Leave a Reply

Your email address will not be published.