ഓപ്പറേഷന്‍ യെല്ലോ ; 80 കാര്‍ഡ് ഉടമകളില്‍ നിന്ന് 1,98,402 രൂപ പിഴ ഈടാക്കി

Share

തിരുവനന്തപുരം: ജില്ലയിലെ ആറ് താലൂക്കുകളില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡ് കൈവശംവച്ചിരുന്ന എണ്‍പത് കാര്‍ഡുടമകളില്‍ നിന്നും പിഴയിനത്തില്‍ 1,98,402 രൂപ ഈടാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ . ഓപ്പറേഷന്‍ യെല്ലോ എന്ന പേരില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനും അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വകുപ്പിന്റെ 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ വിളിച്ചറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ജില്ലയില്‍ കര്‍ശനമായ പരിശോധനകള്‍ ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.