വിദ്യാഭ്യാസ രംഗത്ത് കേരളവും ഫിൻലൻഡും കൈകോർക്കും

Share

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാനുറച്ച് ഫിൻലൻഡ്. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളിലും കൊച്ചുകുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിലും സയൻസ്, മാത്സ് പഠനത്തിലും വിവിധ തലങ്ങളിലെ പഠനത്തിന്റെ മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിലുള്ള സഹകരണം.

കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലൻഡിലെ വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി ഡാൻ കോയ്വുലാസോയുടെ നേതൃത്വത്തിലുള്ള ഫിന്നിഷ് സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫിൻലൻഡിലെ വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്‌സന്റെ ക്ഷണമനുസരിച്ചാണ് കേരള സംഘം ഫിൻലൻഡിലെത്തി ചർച്ച നടത്തിയത്.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൽ മുഖ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നതായി ഡാൻ കോയ് വുലാസോ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നതിന് ഡൽഹിയിൽ ഒരു ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വളരെ കുട്ടിക്കാലത്തു തന്നെ കുഞ്ഞുങ്ങളിൽ പഛനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതു സംബന്ധിച്ചും കേരളം ഫിൻലൻഡിൽ നിന്നുള്ള മാതൃകകൾ സ്വീകരിക്കും. കേരളത്തിൽ ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്റ്റുഡന്റ് ഐ.ടി.ക്ലബ് മാതൃക ഫിൻലൻഡിൽ നടപ്പാക്കുന്നതിനുള്ള പിന്തുണ കേരളം നൽകും.