ആര്യനാട് ഐ.ടി.ഐയില്‍ പുതിയ കോഴ്‌സുകള്‍ ഉടൻ ആരംഭിക്കും: വി.അബ്ദുറഹിമാന്‍

Share

ആര്യനാട് സര്‍ക്കാര്‍ ഐ.ടി.ഐക്ക് പുതിയ ഇരുനില മന്ദിരവും അനുബന്ധ സൗകര്യങ്ങളുമായതോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഐ.ടി.ഐയില്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തും നാട്ടിലും ഏറെ തൊഴില്‍സാധ്യതയുള്ള പെയിന്റ് റിപ്പയര്‍ അസിസ്റ്റന്റ്, പെയിന്റിംഗ് ഹെല്‍പ്പര്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. പി.എം.ജെ.വി.കെ പദ്ധതിയില്‍ 425 കോടി രൂപയുടെ 38 പദ്ധതികള്‍ സംസ്ഥാനതല സമിതി അംഗീകരിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. പെയിന്റര്‍ ട്രേഡിന്റെ പഠന സൗകര്യം മെച്ചപ്പെടുത്താനുള്ള ഡിസൈന്‍ ലാബ്, പെയിന്റ് മിക്‌സിങ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ കമ്പ്യൂട്ടര്‍, ലാബ്, ഫര്‍ണിച്ചര്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 45 വയസിനു താഴെയുള്ള സ്ത്രീ-പുരുഷന്മാര്‍ക്കാണ് പുതിയ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും നല്‍കും.

Ad 4