ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

Share
      ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇൻഡ്യൻ പീനൽകോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും.

      തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയിൽ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സൽ ദൂരെനിന്ന് എളുപ്പത്തിൽ കാണാവുന്നത്ര വലിപ്പത്തിൽ വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും വിശദവിവരങ്ങൾ സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം. ഒരു സ്ഥാനാർഥിക്ക് ഉപയോഗിക്കാൻ അനുമതി നൽകിയ വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിച്ചാൽ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കിൽ അത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഇത്തരത്തിൽ ഒരു പാർട്ടിക്ക് അഞ്ച് വാഹനമാണ് അനുവദിക്കുക. സ്വകാര്യവാഹനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നത് വരെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും.
Ad 2