ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ മില്യണ്‍ നേട്ടവുമായി കേരള പോലീസ്

Share

ലോകത്ത് ഏറ്റവുമധികം പേര്‍ പിന്‍തുടരുന്ന സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പോലീസ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടെന്ന അപൂര്‍വ നേട്ടം കേരള പോലീസിന് സ്വന്തം.

രാജ്യത്തെ പ്രധാന പോലീസ് സേനകളായ മുംബൈ പോലീസിനെയും ബാംഗ്ലൂര്‍ സിറ്റി പോലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പോലീസിന്‍റെ ഈ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തരതലത്തില്‍ ഇന്‍റര്‍പോളിന്‍റെയും ന്യൂയോര്‍ക്ക് പോലീസിന്‍റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പിന്‍തുടരുന്നത് അഞ്ചു ലക്ഷത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ്.

2018ല്‍ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്‍റെ കീഴില്‍ പോലീസിന്‍റെ നവമാധ്യമ ഇടപെടലുകള്‍ ഏറെ ജനപ്രീതിയാര്‍ജിക്കുകയുണ്ടായി. കൗമാരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ അഭിരുചികള്‍ക്കനുസൃതമായ തരത്തില്‍ തയ്യാറാക്കിയ പോലീസിന്‍റെ ബോധവല്‍ക്കരണ പോസ്റ്റുകളും ചെറുവിഡിയോകളും വന്‍ ഹിറ്റുകളായി.

എ ഡി ജി പി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ എ എസ് ഐ.കമല്‍നാഥ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ വി.എസ്, സന്തോഷ് പി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ബി.ടി, സന്തോഷ് കെ, അഖില്‍, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.