കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത: മന്ത്രി ആർ. ബിന്ദു

Share

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് കാലത്തിൻ്റെ അനിവാര്യത എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കുന്നത്തുകാലിൽ പി. കുട്ടൻ സാർ സ്മാരക ശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിന്റെയും സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയകരമായ മാറ്റം വഴി സമൂഹം അതിവേഗത്തിൽ സഞ്ചരിക്കുകയാണ്. ഇത് നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും കാലമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി മനുഷ്യരുടെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കുക എന്നതാണ് ഈ കാലത്തെ നമ്മുടെ പ്രധാന ചുമതല. ഒരു വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ശാസ്ത്രമേഖലയിലെ വികസനത്തിനായി നാല് സയൻസ് പാർക്കുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Ad 1

കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ദീർഘകാലം പ്രസിഡണ്ട് ആയിരുന്ന പി. കുട്ടൻ സാറിൻ്റെ പേരിൽ ആരംഭിച്ച ഗവേഷണ കേന്ദ്രത്തിന് സി. കെ ഹരീന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് സ്വന്തമായി കെട്ടിടം നിർമ്മിച്ചു നൽകിയത്. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ശാസ്ത്രപഠന ഗവേഷണ കേന്ദ്രത്തിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നാല് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ശാസ്ത്രപഠനം നൽകും. തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലെ പ്രവർത്തനങ്ങൾ കുട്ടൻ സാർ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ പാറശാല നിയോജക മണ്ഡലത്തിലെ ഏഴ് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും സിവിൽ സർവീസിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അടിസ്ഥാന ക്ലാസുകൾ നൽകാനുള്ള സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററും ഇതോടൊപ്പം ആരംഭിക്കും. സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് ഏറ്റവും വിദഗ്ധരായ അധ്യാപകരെ എത്തിക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.