സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ നേട്ടങ്ങൾ കൊയ്യുന്നു: ഡോ. ആർ ബിന്ദു

Share

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കഠിനാധ്വാനം കൊണ്ട് പെൺകുട്ടികൾ നേട്ടങ്ങൾ കൊയ്യുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജിലെ (എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ) നാല് അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമായി മാറിയതായി മന്ത്രി പറഞ്ഞു. കോഴ്‌സുകൾക്ക് ദേശീയതല അക്രഡിറ്റേഷൻ ലഭിച്ചതിന് പുറമേ കോളജിലെ നാല് ഫാക്കൽറ്റിമാർ പേറ്റന്റും കരസ്ഥമാക്കി. ഇതിൽ മൂന്നുപേരും സ്ത്രീകളാണെന്ന് അങ്ങേയറ്റം അഭിമാനം പകരുന്നതാണെന്ന് മന്ത്രി പ്രശംസിച്ചു. കൂടാതെ, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായും പ്ലേസ്മെന്റ് ഡ്രൈവിലും വിദ്യാർഥിനികൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഈ വിധത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് വനിതാ എൻജിനീയറിങ്ങ് കോളജ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും മികച്ച പ്രാഥമിക വിദ്യാഭ്യാസം എന്ന അടിത്തറയുടെ തുടർച്ചയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലിംഗസമത്വം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം പുരോഗതി കൈവരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബി.ടെക് കോസുകൾക്കാണ് എൻ.ബി.എ അംഗീകാരം ലഭിച്ചത്.