ഓരോ പൗരനും ഭരണഘടന നിർബന്ധമായും അറിഞ്ഞിരിക്കണം: എ എൻ ഷംസീർ

Share

തിരുവനന്തപുരം: ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ .

‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന തകർക്കാനും അതിന്റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യയിൽ നടന്നുവരുന്ന സാഹചര്യത്തിലാണിത്, ‘ ഭരണഘടനാ ദിനത്തിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെയേറെ ചർച്ചകൾക്കും വിയോജിപ്പുകൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരിപക്ഷം ആയുധമാക്കിയാണ് ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേശവാനന്ദഭാരതി കേസിൽ ഭരണഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ലെന്ന് സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്, സ്പീക്കർ അഭിപ്രായപ്പെട്ടു.