ക്രിമിനലുകൾ സഖ്യമുണ്ടാക്കുന്നു, കേരളത്തിന്റെ ഭാവി എങ്ങോട്ടേക്ക്

Share

ശത്രുക്കളായി കഴിഞ്ഞിരുന്ന രാഷ്ട്രീയ ക്രിമിനലുകൾ ക്വട്ടേഷൻ സംഘങ്ങളായി മാറുന്നു. സാമ്പത്തിക ഭദ്രതക്കു വേണ്ടി കേരളത്തിന് അകത്തും പുറത്തും ഒന്നിച്ച് പ്രവർത്തിക്കാൻ മുൻകാല ക്രിമിനലുകൾ വീണ്ടും സന്ധിക്കുന്നു.

രഞ്ജിത് ബാബു


കണ്ണൂർ: ജില്ലയിലെ മുൻകാല രാഷ്ട്രീയ ക്രിമിനലുകൾ പ്രത്യയശാസ്ത്രത്തിന്റേയും കൊടിയുടേയും നിറം മാറ്റിവെച്ച് പുതിയ മേച്ചിൽ പുറങ്ങൾ തേടിയിട്ട് കാലമേറെയായി. കോവിഡ് കാലത്ത് ഏറെക്കുറേ നിർജ്ജീവമായിരുന്ന ഈ ക്രിമിനലുകൾ വീണ്ടും തലപൊക്കി തുടങ്ങി. സി.പി.എം. നും സംഘപരിവാറിനും വേണ്ടി കൊലപാതകവും അക്രമങ്ങളും നടത്തിയവർ സാമ്പത്തിക ലക്ഷ്യത്തിന് വേണ്ടി സന്ധിയായിട്ട് ഒരു ദശവർഷക്കാലത്തിലേറെയായി. രാഷ്ട്രീയ കുഴപ്പങ്ങളില്ലാത്ത കാലത്ത് ക്വട്ടേഷൻ സംഘങ്ങളായി പ്രവർത്തിച്ചവർ കോഴി, സ്പിരിറ്റ്, മണൽ എന്നിവ കടത്തിയാണ് സാമ്പത്തിക നേട്ടം കൈവരിച്ചത്. കർണാടകത്തിലെ ബംഗളൂരു, മൈസൂരു, വിരാജ്പേട്ട എന്നിവിടങ്ങളിൽ തങ്ങിയാണ് രാഷ്ട്രീയ ക്രിമിനലുകൾ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്.
ഒരു കാലത്ത് അക്രമം കൊണ്ട് കുപ്രസിദ്ധി നേടിയ സി.പി.എമ്മിലേയും സംഘപരിവാറിലേയും അക്രമികൾ ഒരുമിച്ച് ചേർന്നത് ബംഗളൂരു കേന്ദ്രീകരിച്ചാണ്. ഇരു സംഘടനകളിലേയും പേരും പെരുമയും നേടിയവർ ഇന്ന് സാമ്പത്തിക ശക്തിയായി മാറിയിരിക്കയാണ്. രാഷ്ട്രീയ അക്രമങ്ങളിൽ പെട്ട് ഇവർക്കെതിരെ മുൻകാലങ്ങളിൽ കേസെടുത്ത പോലീസുകാർ പോലും ഇപ്പോൾ ഇത്തരം സംഘങ്ങളുടെ പ്രിയംങ്കരരായി മാറിയിരിക്കയാണ്. ഇത്തരം പോലീസുകാരുടെ പണം കായ്ക്കുന്ന മരമാണ് ഈ രാഷ്ട്രീയ ക്രിമിനലുകൾ. തലശ്ശേരി, പാനൂര്, കൂത്തുപറമ്പ് മേഖലകളിലുള്ള അക്രമത്തിന് മുഖ്യ കാരണക്കാരായ ഈ ക്രിമിനലുകൾ വൻകിട കെട്ടിടങ്ങളും സ്ഥലവും വിൽപ്പന നടത്തുന്നതിന് ഇടനിലക്കാരായി മാറിയ അവസ്ഥയുമുണ്ട്.
തലശ്ശേരിയിലെ ഒരു പ്രവാസി ബ്രോക്കർമാരില്ലാതെ തന്റെ കെട്ടിടം വിൽക്കാൻ ശ്രമിച്ചപ്പോൾ ഈ രണ്ട് സംഘങ്ങളും കമ്മീഷനുവേണ്ടി ഭീഷണിയുയർത്തിയത് വർഷങ്ങൾക്ക് മുമ്പാണെങ്കിലും ഇന്നും അത് തുടരുന്നുണ്ട്. അടുത്ത കാലത്തായി രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പര്യവസാനം കുറിക്കപ്പെട്ടത് ക്രിമിനൽ സംഘങ്ങൾ സാമ്പത്തിക നേട്ടത്തിനായി ഒരുമിച്ചതിന്റെ ഉദാഹരണമായാണ് പറയപ്പെടുന്നത്. എന്നാൽ ഇത്തരം സംഘങ്ങൾ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ മാത്രമാണ് സഖ്യത്തിലായിട്ടുള്ളത്. കഴിഞ്ഞ കാലത്ത് കുപ്രസിദ്ധി നേടിയ കൊലപാതക സംഘങ്ങൾ ഇപ്പോൾ കേരളത്തിന് പുറത്താണ്. ഒട്ടേറെ കൊലകളും അക്രമങ്ങളും നടത്തിയ ഇത്തരം സംഘങ്ങൾ അവരവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പറയുന്നത് അനുസരിക്കാൻ തയ്യാറല്ലാതായതോടെയാണ്. സി.പി.എം., സംഘപരിവാർ സംഘടനകളിലെ ക്രിമിനലുകൾ ഒരേ ദിശയിൽ സഞ്ചരിക്കാൻ ഒരുങ്ങിയത്. തങ്ങളുടെ രാഷ്ട്രീയ നേതാക്കളിലെ ചിലർ സുഖലോലുപരായി കഴിയുമ്പോൾ ജയിൽവാസവും ഒളിവുജീവിതവുമാണ് തങ്ങൾക്ക് അനുഷ്ഠിക്കേണ്ടി വരുന്നത് എന്ന തിരിച്ചറിവാണ് ക്രിമിനലുകൾ ഇത്തരം ഒരു പാത സ്വീകരിക്കാൻ കാരണമായത്.
എന്നാൽ കണ്ണൂർ ജില്ലയുടെ തന്നെ തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിൽ ക്രിമിനൽ സംഘങ്ങൾ ഇത്തരമൊരു സന്ധിയിൽ ഏർപ്പെട്ടിട്ടില്ല. അതാത് പ്രസ്ഥാനങ്ങൾ നിർദേശിച്ചാൽ ഇപ്പോഴും രാഷ്ട്രീയ അക്രമങ്ങളുടെ പരമ്പരകൾ തന്നെ സൃഷ്ടിക്കാൻ അവർ തയ്യാറാകും. ഒരിക്കൽ അക്രമവും കൊലയും നടത്തിയാൽ പിന്നെ ബി.ജെ.പി. -ആർ.എസ്. എസും സി.പി.എം. ഉം ഈ പ്രതികളെ തന്നെ നിരന്തരം ഉപയോഗിക്കപ്പെടുന്നു. എതിരാളികളെ കൊലപ്പെടുത്താനും അക്രമിക്കാനും ഇത്തരക്കാർ എന്നും പാർട്ടിക്കകത്ത് സജ്ജമാണ്. ഇരു സംഘടനകളുടേയും പാർട്ടി ഗ്രാമങ്ങളിൽ അവർ പിന്നെ വീര പുരുഷൻമാരാണ്. സ്ഥലനാമം ചേർത്തും തറവാട്ട് പേര് ചേർത്തും അവർക്ക് വീര പുരുഷ പദവി നൽകും. അങ്ങിനെ പ്രസ്ഥാനങ്ങളുടെ അംങ്കവീരൻമാരായി അറിയപ്പെടുന്നു. ഇങ്ങിനെയുള്ള ക്രിമിനലുകൾ വലിയ കയത്തിലാണ് പെട്ടുപോകുന്നത് എന്നവരറിയുന്നില്ല. പ്രസ്ഥാനങ്ങളുടെ കൊലക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണവർ. യൗവനം കഴിയുന്നതോടെ അക്രമങ്ങൾ ഉപേക്ഷിച്ച് ജീവിക്കാൻ ശ്രമിച്ചാലും പ്രശ്നമാണ്. പ്രസ്ഥാനങ്ങളുടെ ഏത് ക്രിമിനൽ അക്രമങ്ങളിലും ഇവർ പ്രതി ചേർക്കപ്പെടും. അങ്ങിനെ ജീവിതത്തിലെ നല്ലൊരു ഭാഗം ജയിലിലും പുറത്തുമായി കഴിയേണ്ട അവസ്ഥയും വരും. ഇക്കാരണത്താൽ തന്നെ ക്രിമിനൽ കുറ്റങ്ങൾ പ്രസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി ഇവർക്ക് ചെയ്യേണ്ടി വരും.
അടുത്തിടെ കാങ്കോൽ ആലക്കാട്ടെ ആർ. എസ്. എസ്. പ്രവർത്തകൻ ബിജുവിന്റെ വീട്ടിൽ നടന്ന സ്ഫോടനം പന്നിയെ തുരത്താനാണെന്നാണ് വിവരം. എന്നാൽ സംഘടനാ നേതൃത്വവുമായി അത്ര അടുപ്പമല്ലാത്ത ബിജു ബോംബുണ്ടാക്കുന്ന കാര്യത്തിൽ വിദഗ്ദനാണെന്നാണ് അറിയുന്നത്. ബിജുവിന്റെ സംഘടനാ നേതൃത്വം അയാൾക്കു വേണ്ടി ഇക്കാര്യത്തിൽ കാര്യമായി ഇടപെടുകയും ചെയ്യുന്നില്ല. സി.പി.എം. ജില്ലാ തലത്തിൽ തന്നെ ആർ. എസ്. എസിനെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടും മണ്ഡലം തലത്തിൽ മാത്രമാണ് ബി.ജെ.പി.യും ആർ. എസ്. എസും പ്രതികരിച്ചു കാണുന്നത്. യഥാർത്ഥ വസ്തുത ഇനിയും പുറത്ത് വന്നിട്ടില്ല. സംഘടനക്ക് ഉള്ളിൽ നിൽക്കുന്നവരെക്കാൾ ഭീഷണി സംഘടനക്ക് പുറത്ത് നിൽക്കുന്നവരാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കരുതലോടെ സമീപിക്കേണ്ടതുണ്ട്.
പാർട്ടി ക്രിമിനലുകൾ എല്ലാം നിർത്തി പോയാൽ ചതിയൻമാരായാണ് പരിഗണിക്കപ്പെടുന്നത്. പിന്നീട് പാർട്ടിക്കാരുടെ അക്രമത്തിനും തഴയലിനും പാത്രമാകുന്ന ചരിത്രം കണ്ണൂരിൽ തന്നെ നിരവധി. രാജ്യം തീവ്രവാദികളായി മുദ്ര കുത്തപ്പെട്ട ‘മാവോയിസ്റ്റുകളെ ‘ പോലും കീഴടങ്ങി ജീവിക്കാനുളള ശ്രമം നടത്തുമ്പോഴും രാഷ്ട്രീയ അക്രമം നടത്തുന്നവർ കുറ്റബോധത്തോടെ പ്രസ്ഥാനങ്ങൾ ഉപേക്ഷിച്ചാൽ സംരക്ഷിക്കപ്പെടുന്നില്ല. സർക്കാർ തലത്തിൽ അത്തരത്തിലൊരു പദ്ധതി പ്രാവർത്തികമാക്കുകയാണെങ്കിൽ കണ്ണൂരിലെ രാഷ്ട്രീയ ്അക്രമങ്ങൾ ഒരു പരിധി വരെയെങ്കിലും ശമിപ്പിക്കാൻ കഴിയും.