‘സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല; മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു’

Share

സ്വപ്‌നയുടേത് ചതിയാണെന്ന് തിരിച്ചറിഞ്ഞില്ല, എല്ലാം അപ്രതീക്ഷിതം: എം. ശിവശങ്കർ ഐ. എ. എസ്

തിരുവനന്തപുരം∙ തന്റെ സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നത് അപ്രതീക്ഷിത വിവരമായിരുന്നെന്നും കൈക്കൂലിയായി കിട്ടിയ ഐ ഫോൺ തന്ന് സ്വപ്ന തന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എം.ശിവശങ്കർ ഐഎഎസ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതും ആ ദിനങ്ങളിൽ അനുഭവിച്ചതും ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്താനൊരുങ്ങുകയാണ് ശിവശങ്കർ. ആത്മകഥയുടെ ഒരു അധ്യായത്തിലാണ് സ്വപ്ന സുരേഷ് ചതിക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലിന്റെ പേരിൽ കേന്ദ്ര ഏജന്‍സികൾ നടത്തിയത് മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തുന്നത്.

തന്റെ സുഹൃത്തായ സ്വപ്ന സുരേഷിനു സ്വർണക്കടത്തുകേസില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതോടെയാണ് താനും സംശയത്തിന്റെ നിഴയിലായതെന്നു ശിവശങ്കർ പറയുന്നു. മൂന്നു വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്ന സ്വപ്നയ്ക്ക് ഇത്തരമൊരു നിയമ വിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം അറിഞ്ഞപ്പോൾത്തന്നെ അസ്തപ്രജ്ഞനായിപ്പോയ തനിക്ക്, ഒന്നിനു പുറകേ ഒന്നായി വന്ന ആരോപണങ്ങള്‍ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല. തന്നെ അറിയാവുന്ന കുടുംബത്തിന്റെയും ഉപേക്ഷിക്കില്ല എന്നുറപ്പിച്ച സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് കേസിലെ സംഭവഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ശിവശങ്കർ പുസ്തകത്തിൽ പറയുന്നു.

∙ സ്വപ്ന സഹായം ചോദിച്ചു, നിരസിച്ചു

‘‘2020 ജൂൺ 30ന് സ്വപ്ന വിളിച്ച്, ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു. കസ്റ്റംസിന് അവരുടേതായ നടപടിക്രമം ഉണ്ടെന്നും അതിൽ ഇടപെടുന്നത് ശരിയല്ലെന്നും ഞാൻ മറുപടി നൽകി. ജൂലൈ നാലിന്, ഞാൻ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ സ്വപ്നയും ഭർത്താവും ബാഗേജ് വിട്ടുകിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് വീണ്ടും ചോദിച്ചു. അതിലൊന്നും ഇടപെടാനാകില്ലെന്നായിരുന്നു എന്റെ മറുപടി. ബാഗിൽ സ്വർണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയതോടെ സ്വപ്നയും കുടുംബവും നാടുവിട്ടു. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ബാഗ് വിട്ടുകൊടുക്കാൻ വിളിച്ചെന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രചാരണമുണ്ടായി.’’ തന്നെ കുറ്റവാളിയാക്കി ശ്രദ്ധ തിരിച്ചുവിടേണ്ടത് ആരുടെ ആവശ്യമായിരുന്നെന്നും ആരൊക്കെയാണ് അതിനു ഗൂഢാലോചന നടത്തിയതെന്നും ശിവശങ്കർ ചോദിക്കുന്നു.

1248-swapna-suresh
സ്വപ്ന സുരേഷ്

∙ സ്വപ്നയുടെ ജോലിക്കായി ആരോടും ശുപാർശ ചെയ്തിട്ടില്ല

‘‘സ്വപ്നയെ നിയമിച്ചത് തെറ്റായിപ്പോയി എന്ന് എന്നെ സ്നേഹിച്ച പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് സ്വപ്ന സ്പേയ്സ് പാർക്കിൽ നിയമിക്കപ്പെട്ട സർക്കാർ ജീവനക്കാരി ആയിരുന്നില്ല. സ്പേയ്സ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ചുമതല നൽകിയ കൺസൽറ്റൻസി ഏജൻസി കരാറിലെടുത്ത ജീവനക്കാരി മാത്രമായിരുന്നു. സ്വപ്നയുടെ ബയോഡാറ്റയിലെ റഫറൻസ് പേരുകളിൽ ഒന്ന് എന്റേതായിരുന്നു എന്നതല്ലാതെ അവരെ ജോലിക്കെടുക്കണമെന്ന് എവിടെയും നിർദേശിച്ചിട്ടില്ല. വടക്കാഞ്ചേരി പദ്ധതിക്കായി യൂണിടാക് എന്ന കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പന്റെ കയ്യിൽനിന്ന് വാങ്ങിയ അഞ്ച് ഫോണുകളിൽ ഒന്നാണ് എനിക്കു സ്വപ്ന നൽകിയതെന്ന വാർത്ത പിന്നീടു പുറത്തു വന്നു. എനിക്ക് ജൻമദിന സമ്മാനമായാണ് സ്വപ്ന ഫോൺ നൽകിയത്. കൈക്കൂലിയായി ലഭിച്ച ഫോൺ സമ്മാനമായി തരിക– ഇങ്ങനെ ഒരു ചതി സ്വപ്ന എന്നോടു ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഒരു ഐ ഫോണിന്റെ ആവശ്യം ഇല്ലായിരുന്നു. ജൻമദിന സമ്മാനമായി കിട്ടിയതു കൊണ്ടാണ്  അത് ഉപയോഗിച്ചത്. അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തേനേ. ഒരു കണക്കിന് അതും നന്നായി. അല്ലെങ്കിൽ അവരും കേസിൽ പെട്ടുപോകുമായിരുന്നു. ഫോൺ എവിടെനിന്നു കിട്ടിയെന്ന് എനിക്ക് അറിയില്ലായിരുന്നെന്ന് സ്വപ്നയും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു’’–ശിവശങ്കർ പറയുന്നു.

2018 ൽ സ്വപ്ന ജോലിയിൽനിന്നുള്ള അവരുടെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാൻ സഹായം ചോദിച്ചപ്പോൾ ചാർട്ടേഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നു ശിവശങ്കർ പുസ്തത്തിൽ വെളിപ്പെടുത്തുന്നു. അതുമായി  ബന്ധപ്പെട്ട് സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റുമാണ് ലോക്കർ എടുത്തത്. എന്നിട്ടും കള്ളപ്പണം കണ്ടെത്തിയ ലോക്കർ തന്റേതാണെന്നാണ് വാർത്തകൾ വന്നത്.

∙ കേസ് മുഖ്യമന്ത്രിയിലെത്തിക്കാൻ സമ്മർദം

അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രിയെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാൻ നല്ല സമ്മർദമുണ്ടെന്നു 90 മണിക്കൂർ ചോദ്യം ചെയ്യല്‍‌ കഴിഞ്ഞപ്പോൾ വ്യക്തമായെന്നു ശിവശങ്കർ ആത്മകഥയിൽ പറയുന്നു. ‘മുഖ്യമന്ത്രിക്കെതിരെ എന്റെ മൊഴി കിട്ടിയാൽ എളുപ്പമാകും. എന്നെ അറസ്റ്റു ചെയ്താൽ ഇത് എളുപ്പം വാങ്ങിച്ചെടുക്കാം എന്നവർ കരുതി. പക്ഷേ പ്രധാന പ്രശ്നം, ഞാൻ കൊടുത്ത മൊഴികൾ തമ്മിൽ വൈരുധ്യമില്ല. ഫോണിൽനിന്നു ലഭിച്ച തെളിവുകളും മൊഴികളും തമ്മിൽ വൈരുധ്യമില്ല. ഇഡിയും കസ്റ്റംസും തുടർച്ചയായി ചോദ്യം ചെയ്യലിനു വിളിപ്പിച്ചത് അവരുടെ സമ്മർദത്തിന്റെ തെളിവായി. ആദ്യമായി മുൻകൂർ ജാമ്യത്തെക്കുറിച്ച് വക്കീലുമായി ആലോചിച്ചു. ഒരു സുഹൃത്തു വിളിച്ചാണ് ഇഡി ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരം ഒക്ടോബർ പത്തിന് അറിയിച്ചത്. അതു വല്ലാതെ അസ്വസ്ഥനാക്കി. സത്യം പൂർണമായും നമ്മളോടൊപ്പമാണല്ലോ എന്ന വിശ്വാസത്തിന് അപ്പോൾ ആഘാതമേറ്റു തുടങ്ങി’– ശിവശങ്കർ പറയുന്നു.