മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങൾ

Share

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി ലഹരിക്കെതിരായ സന്ദേശം ഉൾപ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഈ മത്സരങ്ങൾക്ക് കേരളത്തിനകത്തും, പുറത്തുമുള്ള മലയാളികൾക്കാണ് അവസരം. യാതൊരുവിധ പകർപ്പവകാശ ലംഘനമുണ്ടാവാൻ പാടില്ല . മൗലിക സൃഷ്ടികളാണ് സമർപ്പിക്കേണ്ടത്. സൃഷ്ടികൾ ഈ മാസം 26-ന് വൈകുന്നേരം 5 മണിക്ക് മുൻപായി notodrug.keralamediaacademy.org എന്ന ലിങ്കിൽ ലഭിച്ചിരിക്കണം. സമ്മാനങ്ങൾ ഈ മാസം 31-ന് പ്രഖ്യാപിക്കും.

മത്സരയിനങ്ങൾ

പ്രസംഗ മത്സരം

എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ‘ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം’ എന്ന വിഷയത്തിൽ 5 മിനിറ്റിൽ കവിയാത്ത മലയാളത്തിലുള്ള പ്രസംഗം ഓഡിയോ/ വീഡിയോ രൂപത്തിൽ മത്സരത്തിന് അയയ്ക്കാം. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂൾ എന്നിവ വ്യക്തമാക്കിയിരിക്കണം. എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം. മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രസംഗം അയച്ചുനൽകാം.

ലഘു വീഡിയോ ചിത്ര മത്സരം

കോളേജ് വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തിന് 30 സെക്കന്റ് മുതൽ 3 മിനിറ്റ് വരെയുള്ള മൊബൈലിൽ ഫോണിൽ ചിത്രീകരിച്ച മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള മൗലിക സൃഷ്ടികൾ സമർപ്പിക്കാം. കഥാചിത്രം, ഡോക്യൂമെന്ററി, സംഗീത ആൽബം, പരസ്യചിത്രം തുടങ്ങിയ ഏത് രൂപത്തിലുള്ള സൃഷ്ടിയുമാകാം. ഒറ്റ വിഭാഗമായാണ് ഇവ പരിഗണിക്കുക.

പോസ്റ്റർ രൂപകൽപന മത്സരം

വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഈ വിഭാഗത്തിലെ മത്സരത്തിൽ പങ്കെടുക്കാം. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ jpeg ഫോർമാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകൾ അയയ്ക്കാം. അയയ്ക്കുന്ന ആളുടെ വ്യക്തി വിവരങ്ങൾ വ്യക്തമായിരിക്കണം.

പ്രസംഗ മത്സരം എൽ.പി-യുപി, ഹൈസ്‌കൂൾ-ഹയർ സെക്കഡറി എന്നീ വിഭാഗങ്ങൾക്കും, പോസ്റ്റർ മത്സരത്തിനും ഒന്നാം സമ്മാനമായി 5000 രൂപ വീതവും, രണ്ടാം സമ്മാനമായി 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 1000 രൂപ വീതം എന്ന ക്രമത്തിലും, വീഡിയോ ചിത്ര മത്സരത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ, രണ്ടാം സമ്മാനമായി 7500 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ, പ്രോത്സാഹന സമ്മാനം 5 പേർക്ക് 2000 രൂപ വീതം എന്ന ക്രമത്തിലും സമ്മാനമായി നൽകും. ഒപ്പം സർട്ടിഫിക്കറ്റുകളും നൽകും.

ക്യാഷ് പ്രൈസ്/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ, മത്സരത്തിൽ സമ്മാനർഹമാകുന്ന പ്രസംഗങ്ങൾ മീഡിയ അക്കാദമിയുടെ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകൾ എന്നിവ അക്കാദമിയുടെ മാധ്യമ ജാലകം ടെലിവിഷൻ പരിപാടിയിലും സംപ്രേഷണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9744844522