ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

Share

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച. ഹർജിയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ പത്തേകാലിന് വിധി പറയും.

സമാനതയില്ലാത്ത കുറ്റകൃത്യത്തിൽനിന്നാണ് കേസിന്റെ തുടക്കമെന്ന് വെള്ളിയാഴ്ച വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ദിലീപ് ക്വട്ടേഷൻ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ബുദ്ധിപരമായി ലക്ഷ്യം കണ്ടു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തന്ത്രവുമൊരുക്കി. ഐപിസി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. അതുകൊണ്ടുതന്നെ ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഇങ്ങനെ:

ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്‌സാക്ഷിയാണെന്നും മൊഴിയിലുള്ള ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിയെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിശ്വാസ്യമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരം പരിഗണിക്കാമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ മുൻ ഉത്തരവു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിന്റെ പ്രാഥമിക അന്വേഷണത്തിലാണെന്നും വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഫോണുകളെല്ലാം മാറിയത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

നിലവില്‍ ഇതുവരെ പുറത്തുവരാത്ത മൂന്നു കാര്യങ്ങള്‍ കൂടി പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പുണ്ട്. ആലുവ പൊലീസ് ക്ലബിനു മുന്നിലൂടെ പോകുമ്പോള്‍ എല്ലാവരെയും കത്തിക്കണമെന്നു പറഞ്ഞു. എ.വി.ജോര്‍ജിനും ബി.സന്ധ്യക്കും ഓരോ പൂട്ടു മാറ്റിവച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ വ്യവസായി സലീമിനെ മൊഴിമാറ്റാനായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിനു പിന്നിൽ. സലീമിന്റെ മൊഴി നിർണായകമാണെന്നും പ്രോസികൃൂഷൻ വാദിച്ചു.

കോടതിയിൽവച്ചു കണ്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ‘സാറ് കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ’ എന്ന് ദിലീപ് ചോദിച്ചത് ഭീഷണിയാണ്. ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നത്. സ്ഥിരതയുള്ള മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓ‍ഡിയോയും മറ്റും പിന്തുണ നൽകുന്ന തെളിവു മാത്രമാണ്. നിയമപരമായി വിശ്വാസ്യതയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഗൂഢാലോചന തികച്ചും രഹസ്യാത്മകമായാണ് നടന്നിരിക്കുന്നത്. ബാലചന്ദ്രകുമാറുമായി മറ്റെന്തെങ്കിലും തരത്തിലുള്ള കേസ് പ്രതിക്ക് ഇല്ല. നേരിട്ടുള്ള തെളിവാണ് ബാലചന്ദ്രകുമാർ.

ഡിവൈഎസ്പി ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. തുടരന്വേഷണത്തിന് അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിൽ അസ്വഭാവികമായി ഒന്നുമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന വാദം നിലനില്‍ക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർക്കു പണി കൊടുക്കണമെന്ന് ദിലീപ് ഉൾപ്പടെ ആറുപേർ ഉള്ള സംഘം തീരുമാനം എടുത്തു. നല്ല പണികൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകും. ഇതു തീരുമാനമെടുത്തതാണെന്ന് പ്രോസിക്യൂഷൻ.

ഗൂഢാലോചന നടക്കുമ്പോൾ, തീരുമാനിക്കുമ്പോൾ ബാലചന്ദ്രകുമാർ സാക്ഷിയാണ്. ബാലചന്ദ്രകുമാർ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ടാബിൽനിന്ന് ലാപ് ടോപ്പിലേക്ക്‌ കോപ്പി ചെയ്തു സൂക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു പറഞ്ഞതും ജീവനു ഭീഷണി ഉള്ളതും ഭാര്യയോട് അന്നു പറഞ്ഞിട്ടുണ്ട്. ഇത് കോടതിക്കു പരിശോധിക്കാമെന്ന്‌ പ്രോസിക്യൂഷൻ പറഞ്ഞു. ഗൂഢാലോചന പുറത്തുപറഞ്ഞാല്‍ അവർ കൊന്നു കളഞ്ഞേക്കുമെന്നു ബാലചന്ദ്രകുമാറിന്റെ ഭാര്യ ആശങ്കപ്പെട്ടിരുന്നു. സോജനും സുദർശനും നല്ല ശിക്ഷയായിരിക്കും കൊടുക്കുക എന്നു പറയുന്നത് സാക്ഷി കേട്ടു.

ഫലപ്രദമായ അന്വേഷണത്തിന് ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിൽ മാത്രമേ വസ്തുതകൾ ശേഖരിക്കാനാവൂ. പ്രതികൾക്കു സംരക്ഷണ ഉത്തരവു നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതികൾക്കു മാത്രം എന്താണ് പ്രത്യേകതയെന്നു പ്രോസിക്യൂഷൻ ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ ആരും ഉപദ്രവിച്ചിട്ടില്ലെന്നു പ്രതികൾ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവർ പേടിക്കുന്നത്. സെലിബ്രറ്റികളാണെന്നതു കേസിൽ ബാധകമല്ല. നിലവിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും. പ്രതികൾ ഒരേസമയം ഫോണുകൾ മാറി ഉപയോഗിച്ചത് തെളിവുകൾ ഇല്ലാതാക്കാനാണ്.

മറുപടിയുമായി പ്രതിഭാഗം:

പൊലീസിന്റെ നാവാണ് പ്രോസിക്യൂഷനെന്ന് ദിലീപിന്റെ അഭിഭാഷകന്റെ ആക്ഷേപം. പ്രോസിക്യൂഷൻ പൊലീസിനെ പോലെ സംസാരിക്കരുത്. കോടതി ചോദ്യം ചെയ്യലിന് അനുവദിച്ച ഒരു ദിവസവും നിസ്സഹകരണമുണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നത് അടിസ്ഥാനരഹിതമാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് എസ്പി മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോട് ‘സർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ..’ എന്നു പറഞ്ഞതു ഭീഷണിയല്ല. കള്ളം പറഞ്ഞാലും എഴുതിക്കൊടുക്കാൻ പാടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിൽവച്ചു കൊല്ലാൻ ഭീഷണിപ്പെടുത്തിയ ദിലീപ് എത്ര ഭയങ്കരനാണെന്നല്ലേ ആളുകൾ വിചാരിക്കൂ എന്നും ദിലീപിന്റെ അഭിഭാഷകൻ.

സുദർശനനും സോജനും നല്ല ശിക്ഷ കൊടുക്കും എന്ന് പറഞ്ഞാൽ ദൈവം കൊടുക്കുമെന്നാകാം, മറ്റാരെങ്കിലും കൊടുക്കുമെന്നുമാകാം. ‘നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കും’,  ‘നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോകുകയാണ്..’ – രണ്ടിടത്ത് ഇങ്ങനെ മൊഴികളിൽ വ്യത്യാസം വന്നതിനെ ദിലീപിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിനെതിരെയും കടന്നാക്രമിച്ചു. ബാലചന്ദ്രകുമാറിന് എന്തും മാനിപ്പുലേറ്റു ചെയ്യാം, അയാൾ സിനിമാ സംവിധായകനാണ്, മാനിപ്പുലേറ്ററാണ്. ബാലചന്ദ്രകുമാർ ദിലീപ് പറയുന്നത് കേട്ടു തലയാട്ടി എന്നു പോലും പറയുന്നില്ല. എല്ലാവരും ഇതു കേട്ടു മിണ്ടാതിരുന്നു എന്നാണോ എന്നും ദിലീപിന്റെ അഭിഭാഷകൻ.

ദിലീപിന്റെ വാദം(ഇന്നലെ):

മൊഴിയിൽ ഇല്ലാത്ത കാര്യങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ദിലീപ് വ്യാഴാഴ്ച കോടതിയിൽ ആരോപിച്ചു. ഡിജിപി ബി. സന്ധ്യ മുതൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വരെയുള്ളവർ ഗൂഢാലോചന നടത്തി. വ്യാജ തെളിവുകളും കെട്ടിച്ചമച്ച കഥകളുമാണ് തനിക്കെതിരെയുള്ളത്. ബാലചന്ദ്രകുമാർ സംഭാഷണം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ്‌ലറ്റോ പകർത്തിയെന്നു പറയുന്ന ലാപ്ടോപ്പോ ഇല്ല. റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ മുറിഞ്ഞ വാചകങ്ങളാണുള്ളത്. വിഐപി ആരെന്നു പറയാത്തതു പിന്നീടു കൂട്ടിച്ചേർക്കാനാണ്.

ആലുവ പൊലീസ് അന്വേഷിക്കേണ്ട ആരോപണത്തിൽ ക്രൈംബ്രാഞ്ച് സ്വയം കേസെടുക്കുകയായിരുന്നു. ഏതാനും പേർ ഒരുമിച്ചിരുന്നു എന്നു പറഞ്ഞാൽ ഗൂഢാലോചനയാകില്ല. 19 ലക്ഷം രൂപ കടമുണ്ടെന്നും കടക്കാരെ ഫോണിൽ വിളിച്ച് പണം തിരികെ നൽകാൻ സാവകാശം കൊടുക്കണമെന്നു പറയണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇവരെ വിശ്വസിപ്പിക്കാനായി താനുമൊത്ത് ഒരു സിനിമ അനൗൺസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതിലുള്ള പ്രതികാരമാണ് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.