മെഡിക്കൽ കോളേജുകളിൽ 270 പുതിയ തസ്തികകൾ: വീണാ ജോർജ്

Share

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂർ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂർ 31, കാസർഗോഡ് 1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിൽ (ATELC) 3 അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെൽക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി 42 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായുള്ള തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വിഭാഗങ്ങൾ ആരംഭിക്കാനുള്ള തസ്തികകൾ സൃഷ്ടിച്ചത്. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജിലും ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോർജ് നിരവധി തവണ മെഡിക്കൽ കോളേജിലെത്തിയും അല്ലാതെയും ചർച്ചകൾ നടത്തി ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി.