ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

Share

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ആവേശകരമായ മത്സരം നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനായി വിദേശികളുൾപ്പടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്.

മത്സരത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1650 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടെയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.

ഇന്ന് വൈകീട്ട് 4 .30 മുതൽ എൻട്രി പാസുള്ള കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിക്കും .പാസ്സിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ അനുവദിക്കുന്നതല്ല. കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്‌ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുള്ളൂ. ലഹരി വസ്തുക്കൾ ഉപയോഗിച്ച് എത്തുന്നവരെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല. കളിയുടെ ഭാഗമായി ഉച്ചയ്‌ക്ക് 3.00 മണി മുതൽ രാത്രി 12.00 മണി വരെ നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുളളതാണ്.