പാലംവലിക്കാരെ കുടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിഴൽസേന

Share

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നേതാക്കളെ കണ്ടെത്താൻ ഹൈക്കമാൻഡിന്റെ നിഴൽ സേന രംഗത്ത്. മികച്ച സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് ഹൈക്കമാൻഡ് രഹസ്യ സർവേ നടത്തിയതു ഫലം കണ്ടിരുന്നു. അതേ മാതൃകയിലാണ് അട്ടിമറിക്കാരായ നേതാക്കളെ പിടികൂടാനും സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തെ അടുപ്പിക്കാതെ, എഐസിസി നിരീക്ഷകരിൽ നിന്നു വിവരം ശേഖരിച്ചാണു നിഴൽ സേന പ്രവർത്തിക്കുന്നത്. അട്ടിമറിക്കാരായ നേതാക്കൾക്കെതിരായ ശക്തമായ തെളിവുകൾ ശേഖരിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് ചെയ്യും. വോട്ടെടുപ്പു കഴിഞ്ഞ് വോട്ടെണ്ണലിനിടയിൽ ഇവരെ സംഘടനയിൽ നിന്നു പുകച്ചു പുറത്തു ചാടിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

കൊല്ലം ജില്ലയിൽ ഇന്നലെ മുതൽ നിഴൽ സേന പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റും എൽഡിഎഫിനു ലഭിച്ച ജില്ലയിൽ ഇത്തവണ യുഡിഎഫ് മുന്നേറുമെന്ന് ഇടതുമുന്നണി നേതാക്കൾ ഉൾപ്പെടെ സമ്മതിക്കുന്നുണ്ട്. എന്നാൽ അവിടത്തെ മുതിർന്ന നേതാക്കൾ പാലംവലി തുടങ്ങിയതായി ശക്തമായ വിവരങ്ങളാണു നിഴൽ സേനയ്ക്കു ലഭിച്ചിരിക്കുന്നത്.

കോൺഗ്രസിന് ഭരണം ലഭിച്ചാൽ ഡൽഹിയിൽ ഉന്നത തസ്തിക ലഭിക്കുമെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന നേതാവ് ഉൾപ്പെടെയുള്ളവർ അട്ടിമറിക്കാരായി രംഗത്തുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ചില പ്രവർത്തകരെക്കൊണ്ട് ഈ നേതാവിനെ വിളിപ്പിച്ചു. ഒരു വനിത സ്ഥാനാർഥിക്കെതിരെ ഇദ്ദേഹം നീങ്ങുന്നുണ്ടെന്നാണു സൂചനകൾ.

ആർഎസ്പി സ്ഥാനാർഥി മത്സരിക്കുന്ന ഇരവിപുരം മണ്ഡലത്തിലെ ഒരു കോൺഗ്രസ് നേതാവ് തന്റെ മണ്ഡലത്തിൽ പ്രവർത്തിക്കാതെ പാർട്ടി നൽകിയിരിക്കുന്ന വാഹനത്തിൽ ജില്ലയിലൂടെ കിഴക്കൻ മേഖലയിൽ കറങ്ങുകയാണിപ്പോൾ.

അടുത്ത തിരഞ്ഞെടുപ്പിൽ അവിടെ ഒരു സീറ്റിൽ സാധ്യതയുണ്ടോയെന്നു കണ്ടെത്താൻ ഇറങ്ങിയിരിക്കുകയാണ് ഈ നേതാവ്. കൊല്ലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിലയിരുത്താ‍ൻ വിളിച്ച ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പോലും പങ്കെടുത്തില്ലെന്ന പരാതിയെക്കുറിച്ചും അന്വേഷിക്കും.

തിരുവനന്തപുരം, പാറശാല, നെയ്യാറ്റിൻകര, ചിറയിൻകീഴ് മണ്ഡലങ്ങളിലെ അട്ടിമറിക്കാരെക്കുറിച്ചു പ്രാഥമിക വിവരങ്ങൾ നിഴൽ സേനയ്ക്കു ലഭിച്ചിട്ടുണ്ട്. കാലങ്ങളായി സിപിഐയുടെ കൈവശം ഇരിക്കുന്ന ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങിയാൽ വിജയം സുനിശ്ചിതമെന്നാണു നിഴൽ സേനയുടെ കണ്ടെത്തൽ.

എന്നാൽ ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കൾ പ്രവർത്തിക്കുന്നതും ചില സ്ഥലങ്ങളിൽ ആരും രംഗത്ത് ഇറങ്ങാത്തതും വെല്ലുവിളിയാകുന്നുണ്ട്. ഇവർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇന്നു രാവിലെ എഐസിസി നിരീക്ഷകർ മണ്ഡലത്തിൽ എത്തി.

ആലപ്പുഴ, എറണാകുളം, തൃശൂർ ഉൾപ്പെടെ മിക്ക ജില്ലകളിലെയും അട്ടിമറി നേതാക്കളെക്കുറിച്ചു കൃത്യമായ വിവരങ്ങളാണു നിഴൽ സേനയ്ക്കു ലഭിച്ചിരിക്കുന്നത്. വിശ്വാസ്യതയുള്ള പ്രവർത്തകരെ നിയോഗിച്ചാണ് ഇവർ ആദ്യ ഘട്ടത്തത്തിൽ നിരീക്ഷണം നടത്തുന്നത്. ലഭിക്കുന്ന വിവരങ്ങൾ സ്ഥിരീകരിക്കാൻ അതതു മണ്ഡലങ്ങളിൽ നിഴൽ സേനയിലെ അംഗങ്ങൾ നേരിട്ട് എത്തും.