ഉദ്ഘാടനത്തിന് വരാൻ സ്പീക്കർക്ക് സമ്മാനം നൽകിയത് വിലകൂടിയ വാച്ച്; സ്വപ്ന നൽകിയ മൊഴിയുടെ പൂർണ്ണ രൂപം പുറത്ത്

Share

സർക്കാരിന്റെ വൻകിട പദ്ധതികൾ പലതും ടെൻഡർ പോലുമില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു കിട്ടാൻ കാരണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനും ആണെന്നു സ്വപ്നയുടെ മൊഴി.

ഇതിന് ഇരുവർക്കും ബെനാമി പേരുകളിൽ വൻ കോഴ കിട്ടുന്നുണ്ടെന്നും പുറത്തുവന്ന മൊഴിയിലുണ്ട്. ബാങ്ക് ലോക്കറിൽ കണ്ടെത്തിയ 1.08 കോടി രൂപ യുഎഇ കോൺസുലേറ്റിൽ നിന്നു തനിക്കു കിട്ടിയ കമ്മിഷൻ ആണെന്നു മുൻപു പറഞ്ഞതിൽ നിന്ന് ലൈഫ് പദ്ധതി കരാറുമായി ബന്ധപ്പെട്ടു ശിവശങ്കറിനു കിട്ടിയതാണെന്നു മാറ്റിപ്പറഞ്ഞത് വാട്സാപ് ചാറ്റുകൾ കാണിച്ചപ്പോൾ സത്യം പറയേണ്ടി വന്നതു കൊണ്ടാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്ന നൽകിയ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കോടതിക്കു കൈമാറിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയിലെ ചില വിവരങ്ങൾ:

ജയിൽ അഭയം
ജയിലിൽ കഴിഞ്ഞപ്പോൾ ജയിൽ ഡിജിപി ഒരു തവണയും ജയിൽ ഡിഐജി അജയകുമാർ നാലഞ്ചു തവണയും കാണാൻ വന്നു. ജയിൽ അധികൃതർ സുരക്ഷ ഉറപ്പാക്കുമെന്ന് അജയകുമാർ പറഞ്ഞു. ഇപ്പോൾ പുറത്തു പോകുന്നതു സുരക്ഷിതമല്ലെന്നും ആറേഴു മാസത്തേക്കു ജാമ്യാപേക്ഷ നൽകരുതെന്നും ഉപദേശിച്ചു. ഈ കേസിൽ പലരും ചൂഷണം ചെയ്തതാണെന്ന് അറിയാം, കേസുകളിൽ നിന്നു മുക്തയായി പുറത്തിറങ്ങാൻ കഴിയും, ഇൗ സമയവും കടന്നു പോകുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.

ഫോണിൽ പറഞ്ഞത്
ഇഡിയുടെ കസ്റ്റഡിയിലിരിക്കെ സുരക്ഷാ ചുമതലയിൽ എത്തിയ വനിതാ പൊലീസ്, വിഷമിക്കേണ്ടെന്നും സംരക്ഷിക്കാൻ ആളുകളുണ്ടെന്നും ഉടൻ ജയിൽ മോചിതയാകുമെന്നും പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതു ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ മൊഴി നൽകരുതെന്നും പറഞ്ഞു. അടുത്ത ദിവസം ഡ്യൂട്ടിക്കു വന്നപ്പോൾ ആരോടോ തന്റെ കാര്യം പറഞ്ഞിട്ടുണ്ടെന്നും താൻ പറയുംപോലെ പറയണമെന്നും ഇക്കാര്യം സ്പെഷൽ ബ്രാഞ്ചിനു കേൾക്കണമെന്നും പറഞ്ഞു. തുടർന്ന് ഫോണിൽ ഇക്കാര്യം പറയിച്ചു. മറുതലയ്ക്കൽ ആരാണെന്നു മനസ്സിലായില്ല. കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും അറിഞ്ഞില്ല. ക്രൈംബ്രാഞ്ചിനോടും മജിസ്ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു.

ഒമാനിലെ കോളജ്
ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പ്രവാസിയായ ലഫീറും ബിസിനസ് പങ്കാളികളാണെന്നു ശിവശങ്കർ പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് കോളേജിലേക്കു നിയമിക്കപ്പെടാൻ ഞാൻ യോഗ്യയാണെന്നു ശിവശങ്കർ പറഞ്ഞത് സ്പീക്കർ സമ്മതിച്ചു. ശിവശങ്കറിന്റെയും ശ്രീരാമകൃഷ്‌ണന്റെയും നിർദേശപ്രകാരം കോളജിന്റെ ആവശ്യങ്ങൾക്കു ഞാൻ ഒമാനിൽ പോയി ചിലരെ കാണുകയും ചെയ്തിരുന്നു.

ബാഗിലെന്ത്?
ഒരിക്കൽ സരിത്തുമായി പേട്ടയിലെ ഫ്ലാറ്റിലെത്താൻ സ്പീക്കർ ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ ഭർത്താവുമൊത്ത് സരിത്തിനെ കൂട്ടി പോയി. കോൺസൽ ജനറലിനു നൽകാനായി സ്പീക്കർ ഒരു ബാഗ് സരിത്തിനെ ഏൽപിച്ചു. ബാഗിനുള്ളിലെ പാക്കറ്റ് കോൺസൽ ജനറലിനെ ഏൽപിച്ചശേഷം സ്പീക്കറുടെ ഓർമയ്ക്കായി ബാഗ് ഞാൻ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗിലുണ്ടായിരുന്ന പാക്കറ്റ് കറൻസിയാണെന്നു തോന്നുന്നുവെന്നു സരിത്ത് പിന്നീടു പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും പണം എങ്ങനെ കിട്ടുന്നുവെന്നു ചർച്ച ചെയ്യുകയും ചെയ്തു.

കരി നീക്കൽ
സന്ദീപിന്റെ ‘കാർബൺ ഡോക്ടർ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തി സന്ദീപും സരിത്തുമായി അടുപ്പത്തിലായ സ്പീക്കർ സ്റ്റാർട്ടപ് മിഷൻ മുഖേന സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടു.

എങ്ങനെ സഹായിക്കാനാകുമെന്ന് ഇരുവരും ആലോചിച്ചു. സ്ഥാപനം സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാമെന്നും തുടക്കത്തിൽ കെഎസ്ആർടിസി ബസുകൾ സൗജന്യമായി ഡീ – കാർബണൈസ് (കരി നീക്കൽ) ചെയ്യുക വഴി സംസ്ഥാനമൊട്ടാകെ സർക്കാർ വാഹനങ്ങളുടെ കരാറിലേക്ക് എത്താമെന്നും തീരുമാനിച്ചു.

ആദ്യം ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ സൗജന്യമായി ഒന്നും ചെയ്യാറില്ലെന്നു പറഞ്ഞതിനെ തുടർന്ന് സന്ദീപും സരിത്തും കൂടി വിലകൂടിയ വാച്ച് സമ്മാനം നൽകിയാണു ക്ഷണിച്ചതെന്നും മൊഴിയിലുണ്ട്.