രാഹുല്‍ അവഹേളിക്കുന്നത് ഗാന്ധിജിയെയാണ്

Share

അറിയാതെയെങ്കിലും അനുചിതമായൊരു വാക്കു പറഞ്ഞുപോയാല്‍ സാധാരണ മനുഷ്യര്‍ എന്താണ് ചെയ്യുക? ഒരുതെറ്റു തിരിച്ചറിഞ്ഞ് തിരുത്തും. ക്ഷമചോദിക്കും.
‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ടാണ് ‘ എന്ന് പറഞ്ഞതിന്‌റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് റാഞ്ചി കോടതിയും സമന്‍സ് അയച്ചിരിക്കയാണ്.
റാഞ്ചി കോടതിയിലും സൂറത്തു കോടതിയിലുമടക്കമുള്ള അപകീര്‍ത്തിക്കേസുകള്‍ ഒരു ക്ഷമായാചനത്തില്‍ തീരാവുന്നതേയുള്ളൂ. അതിനാണ് മാപ്പു പറയാന്‍ ഞാന്‍ സവര്‍ക്കറല്ല എന്നൊക്കെയുള്ള വീമ്പുപറച്ചിലില്‍ രാഹുല്‍ ഗാന്ധി നിരാകരിക്കുന്നത്.
നരേന്ദ്രമോദിയോടുള്ള പ്രതിപക്ഷകക്ഷി നേതാവിന് കലിപ്പുണ്ടാവുക സ്വാഭാവികമാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. എന്നാല്‍ എല്ലാ മോദിമാരെയും മോഷ്ടാക്കളെന്നു വിളിക്കാന്‍ രാഹുലിന് എന്താണ് അവകാശം? അതൊരു പൊതുവത്കരണമല്ലേ? എല്ലാ മോദി സമുദായക്കാര്‍ക്കും ആക്‌ഷേപാര്‍ഹമല്ലേ?. അതു പിന്‍വലിക്കാനും മാപ്പു പറയാനും എന്തിനാണ് വിമുഖത?ഞാന്‍ നരേന്ദ്രമോദിയെയാണ് ഉദ്യേശിച്ചത് മറ്റ് മോദി സമുദായക്കാര്‍ ക്ഷമിക്കണം എന്ന് ഒന്നു പറയുന്നതില്‍ എന്താണിത്ര അഭിമാനക്ഷതം? തെറ്റു പറ്റിയാല്‍ തിരുത്തില്ലെന്ന് ശഠിക്കുന്ന ഒരു മനുഷ്യന്‍ നാളെ പ്രധാനമന്ത്രിയായാല്‍ എന്താവും ഭാരതത്തിന്‌റെ അവസ്ഥ? മറ്റുള്ളവരോട് ക്ഷമിക്കാനും തനിക്കു തെറ്റുപറ്റിയാല്‍ ക്ഷമപറയാനും കഴിയാത്തവിധം കഠോരഹൃദയനാണോ രാഹുല്‍? അതോ തനിക്ക് ഒരു തെറ്റും പറ്റില്ലെന്ന് മൂഢസ്വര്‍ഗത്തിലാണോ?
എങ്കില്‍ ആ ഒറ്റക്കാരണം കൊണ്ടു തന്നെ തന്‌റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന സര്‍നെയിം രാഹുല്‍ ഉപേക്ഷിക്കണം. അത് മഹാത്മാഗാന്ധിയോടുള്ള കടുത്ത അവഹേളനമാണ്.