ജോസ് കെ. മാണിയുടെ ഉറക്കം കെടുത്തി ബഷീര്‍ അപകടക്കേസ്

Share

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ, തെളിവു നശിപ്പി ക്കല്‍ കുറ്റങ്ങള്‍ ഹൈക്കോടതി പുനഃസ്ഥാപിച്ച ഉത്തരവ് ജോസ് കെ. മാണിയുടേയും മകന്‍ കെ. എം. മാണിയുടെയും ഉറക്കം കെടുത്തുന്നു. മണിമലയില്‍ ഏതാണ്ട് സമാനമായ രീതിയിലാണ് വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചത്. ജോസ് കെ. മാണിയുടെ മകന്‍ കെ. എം. മാണി എന്ന പത്തൊന്‍പതുകാരന്‍ ഓടിച്ച കാറാണ് മണിമലയില്‍ അപകടമുണ്ടാക്കിയത്. മദ്യപിച്ചാണോ മാണി കാറോടിച്ചതെന്നതിന് നിലവില്‍ തെളിവൊന്നുമില്ല. ഗുരുതരമായ അപകടമായിട്ടും പ്രതി ഉന്നതനായതിനാല്‍ പൊലീസ് മെഡിക്കല്‍ പരിശോധനയും നടത്തിയില്ല. മാത്രമല്ല, മറ്റൊരാളാണ് കാറോടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതു വഴി തെളിവു നശിപ്പിക്കാന്‍ പ്രാഥമികമായി ശ്രമമുണ്ടായി എന്ന ആക്‌ഷേപമുയര്‍ന്നു.
മദ്യപിച്ച് അലക്ഷ്യമായി കാര്‍ ഓടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്. എന്നാല്‍ ശ്രീറാമിനെതിരെ സെഷന്‍സ് കോടതി ഒഴിവാക്കിയ കുറ്റങ്ങള്‍ ഹൈക്കോടതി റദ്ദാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കെ. എം.മാണിയുടെ കാര്യത്തിലും ഇത് ആവര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ വെങ്കിട്ടരാമന്‌റെ കേസില്‍ പത്രമാദ്ധ്യമങ്ങള്‍ ശക്തമായി എതിര്‍പ്പുയര്‍ത്തി കേസിനെ ബലപ്പെടുത്തിയതുപോലെയുള്ള സാഹചര്യം നിലവിലില്ല. മണിമലയില്‍ മരിച്ച സഹോദരങ്ങളുടെ കുടുംബാംഗങ്ങള്‍ കെ. എം.മാണിക്കെതിരെ ശക്തമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. എതിര്‍ പക്ഷത്ത് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ കാര്യമായ മാദ്ധ്യമപിന്തുണ ഇല്ലതാനും. അതിനാല്‍ സാധാരണ ഒരു അപകടക്കേസായി ഇതു മാറാനുമിടയുണ്ട്. എങ്കിലും ശ്രീറാം വെങ്കിട്ടരാമനെതിരായ ഹൈക്കോടതി ഉത്തരവില്‍ ജോസ് കെ.മാണിയും മകനും ഭയചകിതരാണ്. കേസ് കോടതിയിലെത്തുമ്പോള്‍ നരഹത്യാ കുറ്റം ചുമത്തപ്പെടുമോ എന്നാണ് ഭീതി. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേസ് മയപ്പെടുത്താനുള്ള ശ്രമം വേണമെന്ന അഭിഭാഷകന്‌റെ അഭിപ്രായം മാനിച്ചാണ് ജോസ് കെ. മാണി കഴിഞ്ഞ ദിവസം മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് സമാശ്വസിപ്പിച്ചത്.