നാലുദിന ഫ്രീഡം ഫെസ്റ്റിന് നാളെ മുതൽ തിരുവനന്തപുരത്ത്

Share

തിരുവനന്തപുരം: വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് നാളെ ആരംഭിക്കും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

നാലുദിവസം നീളുന്ന ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ നിന്ന് ഐഡിയത്തോൺ വഴി തെരഞ്ഞെടുത്ത 1500 കുട്ടികൾ പങ്കെടുക്കുന്ന യുവ പ്രൊഫഷണൽ മീറ്റ് നടക്കും. 2035ൽ കേരളം സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിന് കുട്ടികൾ മുന്നോട്ടുവെച്ച നാനൂറോളം ആശയങ്ങളുട അടിസ്ഥാനത്തിലുള്ള ചർച്ചകൾ നടക്കും.

സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യവികസനം, വ്യവസായം ജനസംഖ്യാപരിവർത്തനം, പരിസ്ഥിതിയും സുസ്ഥിരതയും, ഉന്നത വിദ്യാഭ്യാസവും നൈപുണ്യവികസനവും തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച അവതരണങ്ങളും ഉണ്ടാകും. വ്യവസായ മന്ത്രി പി. രാജീവ് വൈകീട്ട് ആറിന് സമാപനപ്രസംഗം നടത്തും. ഡോ. ടി എം തോമസ് ഐസക്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ എന്നിവർ തീരുമാനങ്ങൾ ക്രോഡീകരിക്കും.

ഏഴു വേദികളിലായി നാല്പതോളം സെമിനാറുകളും വർക്ക്ഷോപ്പുകളും 13 മുതൽ നടക്കും. സാമൂഹ്യനീതി, ഇ- ഗവേണൻസ്, ജീനോമിക്സ്, മെഡിക്കൽ ടെക്നോളജി, പുതിയ സൈബർ നിയമങ്ങളും ഡാറ്റാ സുരക്ഷയും, മാധ്യമസ്വാതന്ത്ര്യവും നവസാങ്കേതികവിദ്യകളും എന്റർപ്രൈസ് ആർക്കിടെക്ചർ, ഡിജിറ്റൽ വിദ്യാഭ്യാസം, ബ്ലോക്ക് ചെയിൻ, തുടങ്ങിയവ സംബന്ധിച്ച പ്രത്യേക സെമിനാറുകൾ ഫ്രീഡം ഫെസ്റ്റിന്റെ സവിശേഷതയാണ്.