തീച്ചൂളയിൽ ഒരു നാട് കത്തിയമരുമ്പോൾ നോക്കുകുത്തിയായി ഭരണകൂടം

Share

ഒരു നാട് തീച്ചൂളയിൽ കത്തിയമരുവാൻ തുടങ്ങിയിട്ട് രണ്ട് മാസം. ഗോത്രവർഗകലാപത്തിന് തിരശീലയിടാൻ കഴിയാതെ ഭരണകൂടം. രാഷ്‌ട്രപതിഭരണം മാത്രമാണ് ഏക പോംവഴിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ. രണ്ട് മാസമായി തെരുവോരങ്ങളിലെ വെടിയൊച്ചയും ആളിപ്പടരുന്ന തീയും കണ്ട് പേടിച്ചരണ്ട് കുട്ടികൾ. ഒന്നും ചെയ്യാനാകാതെയും രാജിവെച്ച് സ്ഥാനമൊഴിയാതെയും ഒരു മുഖ്യമന്ത്രി. തൊഴിൽ ക്ഷാമത്തിനൊപ്പം ഭക്ഷണദൗർലഭ്യവും തലപൊക്കി തുടങ്ങിയിട്ടുണ്ട്. കഥ ഇവിടെ നമ്മുടെ ഭാരതത്തിലാണ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥനമായ മണിപ്പൂരിൽ.

manipur peace

രണ്ട്‌ മാസമായി നീണ്ടുനിൽക്കുന്ന ഗോത്രവർഗകലാപം ഇന്ന് ഇത്രയും രൂക്ഷമായതിന് പിന്നിൽ കുക്കി, മെയ്‌തെയ് വിഭാഗങ്ങളെയും തമ്മിൽ തല്ലിച്ച് വെറും നോക്കുകുത്തിയായി മാറി നിന്ന ഭരണകൂടത്തിന്റെ തന്ത്രം വ്യക്തമാണ്. ഭരണകൂടം പല തന്ത്രങ്ങൾ ഉപയോഗിച്ച് കലാപത്തെ ചെറുക്കാൻ നോക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ചർച്ചയെന്ന പേരിൽ മണിപ്പൂരിലെത്തി. എന്നിട്ടും കലാപത്തിന്റെ കാരണങ്ങൾ പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിച്ചു. നിരോധനാജ്ഞ നിലവിൽ വന്നു. പട്ടാളമെത്തി. ഇന്റർനെറ്റ് ഉപയോഗിക്കാൻ പാടില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ. പക്ഷെ കലാപത്തിന് ശമനമുണ്ടായില്ല. പ്രതിപക്ഷം ഭരണകൂടത്തെ എതിർത്ത് ജനങ്ങൾക്കൊപ്പം കൈകോർത്തു.

മെയ് 3 നാണ് മണിപ്പൂരിൽ ഗോത്രവർഗ്ഗ കലാപത്തിന് തുടക്കമിടുന്നത്. മണിപ്പൂരിലെ മെയ്‌തെയ് വിഭാഗക്കാർ ലെയ്‌സാങ്ങിലെ ആംഗ്ലോ-കുക്കി യുദ്ധസ്മാരകവും കങ് വായ് ഗ്രാമത്തിലെ വായ്‌ഫെയ് ജനതയുടെ വീടുകളും തകർത്തതോടെയാണ് കലാപം അക്രമാസക്തമായത്. കലാപം തുടങ്ങി 2 മാസത്തോളമെത്തിയിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ മണിപ്പൂർ മുഖ്യമന്ത്രി എം ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ താൻ രാജിവെച്ച് ഒഴിയില്ലെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു വിഭാഗത്തെ മാത്രം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും തന്റെ അധികാരത്തിൽനിന്ന് മാറിനിൽക്കാൻ മുഖ്യമന്ത്രി എം ബീരേൻ സിങ് തയ്യാറാകാത്തത് രാഷ്ട്രീയ അജണ്ടയായെ കാണാൻ കഴിയുകയുള്ളു.

manipur rahul

കുക്കി വിഭാഗത്തെ തീവ്രവാദികളെന്നും നുഴഞ്ഞുകയറ്റക്കാർ എന്നും മുദ്രകുത്തുന്ന ഒരു മുഖ്യമന്ത്രി. രണ്ട് തവണ ഡൽഹി സന്ദർശനം നടത്തിയ ബീരേൻ സിങ് ബി ജെ പി നേതാക്കളുടെ പൂർണ പിന്തുണയോടെയാണ് നിൽക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങിപോകുമായിരുന്ന ഒരു വിഷയത്തെ രാജ്യം മുഴുവൻ ചർച്ചചെയ്യുന്ന വിഷയമായി ഉയർത്തികൊണ്ട് വരാൻ കോൺഗ്രസ് പാർട്ടിയും ശ്രമിച്ചിരുന്നു. അതിന്റെ പ്രധാന തെളിവാണ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം. പ്രതിസന്ധികൾ ഏറെ നേരിട്ടിട്ടും അദ്ദേഹം പിന്മാറിയില്ല. രണ്ട് മാസമായി കത്തിയമരുന്ന കലാപം ഇനിയും കെട്ടടങ്ങാത്തതിനാൽ നോക്കിനിൽക്കാൻ ആകില്ല എന്ന് അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇരുവിഭാഗത്തെയും സന്ദർശിച്ച രാഹുൽ ഗാന്ധി ഉടൻ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കായി ഗവർണറെ കാണുകയും നിലവിലെ ക്യാമ്പുകളുടെ ദയനീയാവസ്ഥ അറിയിക്കുകയും ചെയ്‌തു. ഭക്ഷണവും മരുന്നും മറ്റ് അടിസ്ഥന സൗകര്യങ്ങളൊന്നുമില്ലാതെ ഒരു കൂട്ടം ജനങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ വളഞ്ഞിട്ടും ഭരണകൂടം അവർക്കെതിരെ മുഖം തിരിക്കുന്നു.

manipur-car

കുക്കി , നാഗ തുടങ്ങി 30 ലതികം ഗോത്രവിഭാഗങ്ങളും , ഗോത്രവിഭാഗങ്ങളല്ലാത്ത മെയ്‌തെയ് വിഭാഗങ്ങളും തമ്മിലുള്ള ഈ സംഘർഷം ഇനി എന്ന് അവസാനിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ ജനത. 2023 മാർച്ച് 27 ന് ഹൈക്കോടതി മെയ്‌തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുവാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും 4 ആഴ്ച്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്നും ഉത്തരവുണ്ടായി. ഈ ഉത്തരവിന്മേലാണ് കലാപം ആരംഭിച്ചത്. ദിവസങ്ങൾ കഴിയുംതോറും കലാപം രൂക്ഷമായി. ചേരിതിരിഞ്ഞുള്ള ആക്രമങ്ങൾ. ഗവർണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. പ്രശ്‌നങ്ങൾ രാജ്യവ്യാപകമായി ചർച്ചചെയ്യുവാൻ ആരംഭിച്ചപ്പോൾ സുപ്രീം കോടതിക്ക് ഇടപെടേണ്ടതായി വന്നു. പട്ടികവർഗ്ഗ പട്ടിക പരിഷ്‌കരിക്കാൻ ഹൈക്കോടത്തിക്ക് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ വിധിയിൽ സർക്കാരിന് തിരിച്ചടി നേരിട്ടു. സമചിത്തതയോടെ നേരിടേണ്ട ഒരു വിഷയത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിച്ചതിന്റെ തിരിച്ചടിയാണ് ഇന്ന് മണിപ്പൂരിൽ കാണുന്നത്.