കെഎസ്ആർടിസി “ഷോപ്പ് ഓൺ വീൽ” : പ്രചാരണം അടിസ്ഥാന രഹിതം

Share

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച “ഷോപ്പ് ഓൺ വീൽ” പ്രോജക്ടിനെക്കുറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.

നിലവിൽ മിൽമ, കുടുംബശ്രീ എന്നീ സർക്കാർ ഏജൻസികൾക്കാണ് പദ്ധതി അനുവദിച്ചിരിക്കുന്നത്. ഇനി കെഎസ്ആർടിസി ഡിപ്പോകളിൽ സ്ഥല ലഭ്യത അനുസരിച്ച് 300 ഓളം ബസുകൾ ഈ പദ്ധതികൾക്കായി നൽകുമെന്നും പൊതുജനങ്ങൾക്കും ടെൻഡറിൽ പങ്കെടുത്ത് പദ്ധതിയുടെ നടത്തിപ്പിൽ പങ്കാളിയാകാമെന്നും കെഎസ്ആർടിസി അറിയിച്ചു.

നിലവിൽ മിൽമ , കുടുംബശ്രീ എന്നിവരിൽ നിന്നും ബസ് ഒന്നിന് രൂപമാറ്റം വരുത്തുന്നതിന് വേണ്ടി 2 ലക്ഷം രൂപയും, മാസം മിതമായ വാടകയും വാങ്ങിയാണ് 2020 സെപ്തംബർ മുതൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ബസ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന് പുറമെ മൂന്നടി സ്ഥലം കൂടിയാണ് പദ്ധതി പ്രകാരം നൽകിയിരിക്കുന്നത്. ഇതിൽ കൂടുതൽ സ്ഥലം ആരെങ്കിലും ഉപയോ​ഗിക്കുന്നുവെങ്കിൽ അവരിൽ നിന്നും കരാർ റദ്ദാക്കി സ്ഥലം തിരിച്ചുപിടിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ഷോപ്പ് ഓൺ വീൽസ് എന്നത് കെഎസ്ആർടിസിയുടെ നവീന ആശയമായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ആരും ഇത് ഏറ്റെടുത്ത് നടത്താൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളുമായി ചേർന്ന് നടപ്പിലാക്കിയത്.

അതിലൊന്നും കെഎസ്ആർടിസി ചട്ടലംഘനം നടത്തിയിട്ടില്ല. ഇപ്പോൾ ഇതൊരു അവസരമായി കണ്ട് കേരളത്തിലുടനീളം എല്ലാ ഡിപ്പോകളിലും ബസ് ഇടാനുള്ള സ്ഥലം മാർക്ക് ചെയ്ത് പൊതു ജനങ്ങൾക്കും, കച്ചവടം നടത്താൻ താൽപര്യമുള്ളവർക്കും ടെൻഡർ ചെയ്തു കൊടുക്കാനാണ് തീരുമാനമെന്നും മാനേജ്മെന്റ് അറിയിച്ചു.