50 ആയാലും അസി. പ്രൊഫസറാകാം, 60ല്‍ പിരിയാം

Share

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായ പരിധി 40 ല്‍ നിന്ന് 50 വയസ്സാക്കി. ഇതനുസരിച്ചു കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷല്‍ റൂള്‍സിലും സര്‍വകലാശാലാ ചട്ടങ്ങളിലും ഭേദഗതി വരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനു നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മിഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളില്‍ നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക നിയമനത്തിനുള്ള യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിര്‍ദേശിച്ചിട്ടില്ല.
സര്‍വകലാശാലാ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ ശേഷം കോളേജുകളിലും 60 ആയി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നയാളിന് അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ 12 വര്‍ഷമെങ്കിലും വേണം.