രണ്‍ജീത്തിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത് : ഖുഷ്ബു

Share

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും ചലച്ചിത്ര താരവുമായ ഖുഷ്ബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിത്.

ആ സംഭവത്തിലെ യഥാര്‍ഥ പ്രതികളായ എല്ലാവരെയും ഉടന്‍ പിടികൂടണം. പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇതില്‍ ഇടപെടമെന്നും ബിജെപി സംസ്ഥാന ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖുശ്ബു ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണം. ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെതാകണം സംസ്ഥാനത്തെ അവസാനത്തെ രാഷ്ട്രീയ കൊലപാതകം. നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.


സംസ്ഥാനത്തെ ഒമ്പത് ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കാണാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ആ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ ചുമതല തനിക്കാണെന്ന് ഖുശ്ബു പറഞ്ഞു.

അതിന്റെ ഭാഗമായാണ് തന്റെ സന്ദര്‍ശനം. അട്ടപ്പാടി ഉള്‍പ്പടെയുള്ള മേഖലകളില്‍ പോഷകാഹാരക്കുറവുണ്ട്. അവിടങ്ങളിലും പദ്ധതിയുമായി ബന്ധപ്പെട്ട വോളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തും. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം രാഷ്ട്രീയമായി ഇതിനെ കാണാതെ ഈ പദ്ധതിയോട് സംസ്ഥാനം സഹകരിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

സില്‍വര്‍ലൈന്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ഖുശ്ബു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സാധാരണ ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഖുശ്ബു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍ പദ്ധതി വേണ്ടെന്നുവച്ചാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്.

2025ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഖുശ്ബു പറഞ്ഞു.