മുലകള്‍ ഭയവും പ്രലോഭനവും

Share

കൊച്ചി: സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെ അനാവരണം ചെയ്യുന്നു. ശ്രുതി ശരണ്യം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജീബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സുദീപ് എളമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. മഹേഷ് നാരായണന്റെ സൂപ്പര്‍വിഷനില്‍ ചിത്രസംയോജനം നിര്‍വഹിച്ചത് രാഹുല്‍ രാധാകൃഷ്ണന്‍. എസ്. രാധാകൃഷ്ണന്‍, സതീഷ് ബാബു, ഷൈന്‍ വി. ജോണ്‍ എന്നിവര്‍ ശബ്ദരൂപകല്പനയും അനൂപ് തിലക് ശബ്ദമിശ്രണവും ചെയ്തിരിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാനസഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു.
‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തെക്കുറിച്ച് സി.എസ് മീനാക്ഷി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘ആന്തോളജി എന്നു തോന്നിപ്പിക്കുമെങ്കിലും ഇതിലെ അഞ്ചു പെണ്ണുങ്ങളുടെ കഥകളും പരസ്പരബന്ധിതമാണ്. ആണുങ്ങളെ ചീത്തയാക്കിയും പെണ്ണുങ്ങളെ നല്ലവരാക്കിയും കള്ളികളിലൊതുക്കിയിട്ടില്ലെന്നാണ് ചിത്രത്തിന്‌റെ സവിശേഷതയെന്ന് മീനാക്ഷി പറയുന്നു.
‘സിനിമ ഒരുപാട് മുലയാലോചനകള്‍ മനസ്സിലേക്ക് കൊണ്ടുവന്നു.
മനുഷ്യശരീരത്തില്‍ കണ്ണുള്ള ഒരവയവമേയുള്ളൂ, അത് മുലയാണ്. മുലയ്ക്കു മാത്രമേ മറ്റുള്ളവരെ നോക്കാന്‍ കഴിയൂ. ആ നോട്ടത്തെയാണോ പുരുഷന്മാര്‍ ഭയക്കുന്നതെന്നറിയില്ല. നമ്മുടെ സംസ്‌കാരത്തില്‍, ദാര്‍ശനികരും തത്വചിന്തകരും എല്ലാം മുലകളെ ഭയക്കുന്നതും പ്രലോഭനമായി കരുതുന്നതും നമുക്കറിയാം.
ആണ്‍കുട്ടികളുടെ എന്നത്തേയും ജിജ്ഞാസയാണ് പെണ്‍മുലകള്‍ എന്നത്. ഈ ചിത്രത്തിന്റെ ആദ്യരംഗം ഒരാണ്‍കുട്ടി , ആണായി മാറിയ ഒരു പെണ്ണിനോട് ആ മൊല ഒന്ന് പിടിച്ചോട്ടെ എന്ന് ചോദിക്കുന്നതാണ്. അവസാനത്തെ രംഗമാവട്ടെ, ക്ലാസ് റൂമില്‍ എന്താണ് ജെന്‍ഡര്‍ എന്ന ചോദ്യത്തിന് വിത്ത് ബൂബ്‌സ് ആന്‍ഡ് വിത്തൌട്ട് ബൂബ്‌സ് എന്ന് ഒരാണ്‍കുട്ടി ഉത്തരം പറയുന്നതാണ്. ഈ സിനിമ എത്രയ്‌ക്കെത്രയ്ക്ക് മുലയുടെ ജൈവികതയെക്കുറിച്ചാണോ അത്രയ്ക്കത്രയ്ക്ക് അതിന്റെ സാമൂഹ്യനിര്‍മ്മിതികളെക്കുറിച്ചുമാണ്.
ഒരു പുരുഷനായിരുന്നു സംവിധാനം ചെയ്തിരുന്നതെങ്കില്‍ ഈ സിനിമയില്‍ പുരുഷകാഴ്ചകളെ ആനന്ദിപ്പിക്കുന്ന എത്രയോ രംഗങ്ങളുണ്ടാവുമായിരുന്നു. സ്വാഭാവികമായും അത്തരം കാഴ്ചകള്‍ കാട്ടിത്തരാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് ഇതില്‍. ഇത്രയും കാലം നാം കണ്ട പുരുഷകാഴ്ച്ചകളൊക്കെ എത്ര അസ്റ്റിഗ്മാറ്റിക് ആയിരുന്നു എന്ന് നമ്മള്‍ ചിന്തിച്ചുപോകും. അങ്ങിനെ പോകുന്നു മീനാക്ഷിയുടെ നിരീക്ഷണങ്ങള്‍.