[സ്പാനിഷ് കോച്ചിൻ്റെ മുന്നറിയിപ്പ് ]
റഫറി ഒരു കാര്യം പറഞ്ഞേക്കാം. മാന്യമായി കളി നിയന്ത്രിക്കണം.
മര്യാദകേട് കാണിച്ചാൽ സംഗതി പാളും. ലോകകപ്പ് ഫുട്ബോളിൻ്റെ ഇന്ന് നടക്കുന്ന ഫൈനലിനെ നിയന്ത്രിക്കുന്ന റഫറി സ്ലാവോ വിൻസിക്ക്
സ്പാനിഷ് കോച്ച് ലൂയിസ് ഡി. ഫ്യൂൻ്റേയുടെ മുന്നറിയിപ്പ്.
റഫറിമാർ സൈഡ് കളിക്കുന്നവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ജീവൻമരണ പോരാട്ടം നടക്കുന്ന ഫൈനലിൽ അഭ്യാസം കാണിക്കരുതെന്ന് ശക്തമായ ഭാഷയിലുള്ള മുന്നറിയിപ്പ്.
അർജന്റീനയും സ്പെയിനും തമ്മിൽ ഇന്ന് രാത്രി 12.30നാണ് പോരാട്ടം.
ഫുട്ബോളിൻ്റെ ലോകയുദ്ധമാണ് ഇന്ന് നടക്കുന്നത്. ഓരോ പാസും ഓരോ ചുവടും അളന്ന് കുറിക്കുന്ന ഈ മല്ലയുദ്ധത്തിൽ റഫറി നിഷ്പക്ഷനായിരിക്കണം. ഒരു വശത്തേക്കും ചായരുത്.
ഫൈനല്‍ നിയന്ത്രിക്കുന്ന റഫറി സ്ലാവോ വിൻസിച്ച് നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കിറുകൃത്യമായിരിക്കണം.
“റഫറിയുടെ പ്രകടനം ഈ മത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്,” ലൂയിസ് ഡി ലാ ഫ്യൂന്റെ പറഞ്ഞു. സ്ലാവോ വിൻസിച്ച് നിയമങ്ങള്‍ക്കതീതമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കരുത് – മുന്നറിയിപ്പിന് ശക്തിയുടെ ഗാംഭീര്യം.
റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയും അർജന്റീനയെ സഹായിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്പെയിൻ പരിശീലകൻ മുന്നറിയിപ്പിൻ്റെ ഒരു പന്ത് പായിച്ചിരിക്കുന്നത്.
സ്ലൊവേനിയക്കാരനാണ് സ്ലാവോ വിൻസി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം നിയന്ത്രിക്കുന്ന 46-കാരനായ വിൻസിച്ചിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരമാണിത്. 2022-ലെ ഖത്തർ ലോകകപ്പില്‍ അർജന്റീന സൗദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ട മത്സരം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
ആ മത്സരത്തില്‍ വിൻസിച്ച് അർജന്റീനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി അനുവദിച്ചിരുന്നു.