ഭക്തരുടെ എണ്ണം കൂടുന്നു : എരുമേലിയിലെ കാനന പാത വൈകാതെ തുറന്നേക്കും

Share

എരുമേലി : അയ്യപ്പ ഭക്തരുടെ വരവിൽ വർദ്ധനവ് പ്രകടമായതോടെ തീർത്ഥാടനത്തിൽ ഉണർവ്.ഇന്നലെയും ഇന്നും എരുമേലിയിൽ പതിവിലും കൂടുതൽ തീർത്ഥാടക സംഘങ്ങൾ പേട്ട തുള്ളി. കച്ചവടങ്ങളിലും ഉണർവ് പ്രകടമായിട്ടുണ്ട്. വരും ദിവസങ്ങളിൽ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കിങ് ഗ്രൗണ്ടുകളിൽ ഇന്നലെ തിരക്ക് അനുഭവപ്പെട്ടു. നാല് വർഷമായി തീർത്ഥാടന യാത്ര വിലക്കിയ ശബരിമല കാനന പാതയിൽ ഇത്തവണ യാത്രാ അനുമതി സർക്കാർ നൽകാൻ സാധ്യത ഒരുങ്ങിയിട്ടുണ്ട്.

മണ്ഡല കാലത്തിന്റെ അവസാനമോ മകരവിളക്ക് സീസണിലോ കാനന പാതയിൽ യാത്രാനുമതി നൽകാനാണ് സർക്കാർ തലത്തിൽ ആലോചന മുറുകുന്നത്. കാനന പാതയിൽ ഭക്തരെ കടത്തി വിടുന്നത് സംബന്ധിച്ച് വനം വകുപ്പിനോട് സർക്കാർ വിവരം തേടിയിരുന്നു. കഴിഞ്ഞ നാല് വർഷമായി പാതയിൽ മനുഷ്യ സഞ്ചാരം ഇല്ലാതിരുന്നതും തുടർച്ചയായി നേരിട്ട പ്രകൃതി ദുരന്തങ്ങളും മൂലം കാനന പാതയിൽ സുരക്ഷിതത്വം കൂടുതൽ വർധിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമികമായി വിലയിരുത്തിയത്.

എരുമേലിയിൽ നിന്നും പേരൂർത്തോട്, കോയിക്കക്കാവ്, കാളകെട്ടി, അഴുത വഴി ശബരിമലയിലെത്തുന്ന പരമ്പരാഗത പാതയുടെ ദൈർഘ്യം 40 കിലോമീറ്ററാണ്. ആനകൾ ഉൾപ്പെടെ വന്യ മൃഗങ്ങളുടെ ഇറക്കം വർധിച്ചിട്ടുള്ളതും കണക്കിലെടുത്ത് സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് വിലയിരുത്തിയിരുന്നു. വന പാതയിൽ ഇത്തവണയും കച്ചവടം അനുവദിച്ചിട്ടില്ല. ഇതും അയ്യപ്പ ഭക്തർക്ക് ദുരിതം പകരും.

വനം വകുപ്പ് നേതൃത്വം നൽകുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് കടകൾ പ്രവർത്തിക്കുന്നത്. കടകൾ ഇല്ലെങ്കിൽ പാതയിൽ രാത്രി കാലത്ത് വെട്ടമില്ല. കടകളിലും മറ്റുമായി ജനറേറ്റർ മുഖേനെ നൽകുന്ന വെളിച്ചമാണ് രാത്രിയിൽ ഭക്തർക്ക് ആകെയുള്ള സഹായം.

കഴിഞ്ഞ നാല് വർഷമായി രാത്രിയിൽ യാത്രക്ക് അനുമതി നൽകിയിട്ടില്ല. വെളിച്ച പ്രശ്നവും കാട്ടുമൃഗങ്ങളുടെ ആക്രമണവും മുൻനിർത്തിയാണ് രാത്രി യാത്ര നിരോധിച്ചത്. ഇത്തവണ പാത തുറന്ന് യാത്രാ അനുമതി നൽകിയാലും രാത്രി യാത്രാ നിരോധനം തുടരാൻ തന്നെയാണ് സാധ്യത.

2018 ൽ സ്വാതന്ത്ര്യ ദിനത്തിലുണ്ടായ മഹാ പ്രളയത്തോടെയാണ് ശബരിമല സീസൺ ആദ്യമായി മുടങ്ങുന്നത്.2019 ൽ വീണ്ടും പ്രളയവും പിന്നാലെ യുവതീ പ്രവേശന വിവാദവും അടുത്ത വർഷം കോവിഡ് പ്രശ്നവുമായി നിലച്ച തീർത്ഥാടന കാലം അല്പമെങ്കിലും സജീവമാകുന്നത് ഇപ്പോഴാണ്.

ഗണ്യമായി കുറഞ്ഞ ശബരിമല വരുമാനം ഇത്തവണ ഭേദപ്പെട്ട നിലയിലെങ്കിലും എത്തിയില്ലെങ്കിൽ ദേവസ്വം ബോർഡിൽ പ്രതിസന്ധി മുറുകുമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. കാനന പാത തുറക്കാൻ വേണ്ടി വിവിധ സംഘടനകൾ സമരത്തിലേക്ക് നീങ്ങുന്നതും കാനന പാതയിൽ ഇത്തവണ യാത്രാ അനുമതി നൽകാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.