ചൂട് കനക്കും, കരുതല്‍വേണം.

Share

കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു .

  • പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഡ ഡ്രിങ്കുകള്‍ ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
  • വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
  • വേനല്‍ക്കാലത്ത് മാര്‍ക്കെറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത പാലിക്കുക.
  • പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളില്‍ ജലലഭ്യത ഉറപ്പാക്കണം. ക്ലാസ്സ് മുറികള്‍ വായു സഞ്ചാരം ഉള്ളതാക്കണം.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
    *നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍,വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. സംഭാരം പോലുള്ളവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.