കാരവന്‍ പാര്‍ക്കുകള്‍ പഞ്ചായത്ത് സഹകരണത്തോടെ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Share

ടൂറിസം മേഖല വിപുലമാക്കാന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്   റിയാസ്. പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ എം.എല്‍.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി മുന്നോട്ടു വെച്ചാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
 

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരാത്തതിന്റെ കാരണം താമസ സൗകര്യം ഇല്ലാത്തതിനാലാണ്. അതിനു പരിഹാരമായാണ് കാരവന്‍ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നത്്. എല്ലാ പഞ്ചായത്തുകളിലും കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരാനാണ് ശ്രമം. ഓരോ പഞ്ചായത്തുകളിലെയും പുതിയ കേന്ദ്രങ്ങളുടെ ലിസ്റ്റ് എടുക്കുകയും പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരികയും ചെയ്യും. പുതിയ ടൂറിസ്റ്റ് കേന്ദ്രം വന്നാല്‍ അതിന് ആവശ്യമായ തുകയുടെ നിശ്ചിത ശതമാനം ടൂറിസം വകുപ്പും ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിശ്ചയിക്കാം. കൂടാതെ എം.എല്‍.എ ഫണ്ടും അതിലേക്ക് കൂട്ടിച്ചേര്‍ക്കാം. വരുമാനം മുഴുവനായും ത്രിതല പഞ്ചായത്തിനാവും. ആവശ്യം തദ്ദേശ സ്വയംഭരണ വകു അംഗീകരിക്കുകയും വൈകാതെ ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.  

പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പ്രവൃത്തിയും ഗുണനിലവാരത്തോട് കൂടിയും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. ഏതെങ്കിലും റോഡുകള്‍ പൊട്ടിപൊളിഞ്ഞിട്ടുണ്ടെങ്കില്‍ നിലവില്‍ ഡി.എല്‍.പി സംവിധാനമുണ്ട്.  അതുപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ റോഡിന്റെ അറ്റകുറ്റപ്പണി നിര്‍മിച്ച കരാറുകാര്‍ക്ക് തന്നെ ചെയ്യാം. ഡി.എല്‍.പി ചെയ്ത റോഡ് നാശമായിട്ടുണ്ടെങ്കില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിനായി റണ്ണിങ് കോണ്‍ട്രാക്ട് എന്ന പുതിയ സംവിധാനം കൊണ്ടുവരാനും ഉദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് മുന്‍കാല ജനപ്രതിനിധികളെ പരിപാടിയില്‍ ആദരിച്ചു. കെ.എ.എസ് പരീക്ഷയില്‍ 20ാം റാങ്ക് നേടിയ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ് പെരുമ്പള്ളിയെ അനുമോദിച്ചു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ  പി. അബ്ദുള്‍ ഹമീദ്മാസ്റ്റര്‍, അഡ്വ. യു.എ. ലത്തീഫ്,  മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, നഗരസഭ ചെയര്‍മാന്‍ പി.ഷാജി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, താഴേക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ. കെ.നാസര്‍ മാസ്റ്റര്‍, പെരിന്തല്‍മണ്ണ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമ്മണ്ണ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.നൗഷാദലി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.