ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 29 വരെ | Water fest

Share

വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം മാമാങ്കം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2021 ഡിസംബര്‍ 26 മുതല്‍ 29 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡാനന്തര ടൂറിസത്തിന് പുത്തനുണര്‍വ് നല്‍കി അഡ്വഞ്ചര്‍ കായിക പ്രേമികളെ ആകര്‍ഷിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് റവന്യുവകുപ്പ് മന്ത്രി കെ. രാജന് നല്‍കി നിര്‍വഹിച്ചു.

കേരളത്തിന്റെ ടൂറിസം മേഖലയിൽ വളരെ ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കോവിഡിൽ തളർന്നു കിടക്കുന്ന സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം കൂടി ഇതിന്റെ ഭാഗമായിട്ടുണ്ടാകും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. അതിലൂടെ അവിടെയുള്ളവർക്ക് വരുമാനത്തിനുള്ള സംവിധാനം കൂടി ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തദ്ദേശവാസികള്‍ക്ക് വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജല വിനോദസഞ്ചാര മേഖലയിലെ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്നതിനും മേള പ്രയോജനപ്പെടുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

സെയിലിങ് രംഗത്തെ പ്രമുഖരില്‍ ഇന്ത്യന്‍ നാവിക സേനയുടെ അഭിമാന താരമായ കമാന്‍ഡര്‍ അഭിലാഷ് ടോമി, ക്യാപ്റ്റന്‍ തൃഭുവന്‍ ജെയ്‌സ്വാല്‍,കേണല്‍ അലോഗ് യാദവ്, കേണല്‍ ഗൗതം ദത്ത, ക്യാപ്റ്റന്‍ വിവേക് ഷാന്‍ബാഗ്,അരവിന്ദ് ശര്‍മ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.കര്‍ട്ടന്‍ റെയ്സര്‍ ഇവന്റായി ബഷീര്‍ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി ഡിസംബര്‍ 25ന് നാടകം സംഘടിപ്പിക്കും.

ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാന്‍ഡ് അപ്പ് പെഡലിങ്, ബാംബൂ റാഫ്റ്റിങ്ങ്, സെയിലിംഗ് രെഗെട്ട തുടങ്ങിയവയും തദ്ദേശവാസികള്‍ക്കായുള്ള ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങളും ട്രഷര്‍ ഹണ്ട് എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി നടക്കും. നാഷണല്‍ കൈറ്റ് ഫ്‌ളയിങ്, കൈറ്റ് സര്‍ഫിംഗ്, ഫ്‌ളൈയിങ് ബോര്‍ഡ് ഡെമോ തുടങ്ങിയ പ്രദര്‍ശന ഇനങ്ങള്‍ക്കു പുറമേ സമാപന ദിവസം ബേപ്പൂര്‍ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളുടെ പരേഡും ഉണ്ടായിരിക്കും.

ഉദ്ഘാടന- സമാപന ദിവസങ്ങളില്‍ വൈകീട്ട് ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ ടീം നടത്തുന്ന സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്റെ പ്രദര്‍ശനവും നാവിക കപ്പലുകളുടെ ദീപാലങ്കാരവും ഉണ്ടാകും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡോര്‍നിയര്‍ വിമാനത്തിന്റെ ഫ്‌ളൈ പാസ്റ്റും നാവിക കോസ്റ്റ് ഗാര്‍ഡ് ബാന്‍ഡിന്റെ പ്രകടനവും ഇതിന്റെ ഭാഗമാണ്. ഈ ദിവസങ്ങളില്‍ നാവിക കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബേപ്പൂര്‍ തുറമുഖത്ത് അവസരമൊരുക്കും.

കോഴിക്കോടിന്റെ തനതു രുചിവൈഭവങ്ങള്‍ വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനായുള്ള പ്രത്യേക മെഗാ ഫുഡ് ഫെസ്റ്റിവലില്‍ കെ.എച്ച്.ആര്‍.എ, കേറ്റര്‍സ്, ബേക്കര്‍സ് അസോസിയേഷനുകളുടെയും ഇന്ത്യന്‍ കോഫി ഹൗസ്, കുടുംബശ്രീ, തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

കരകൗശല രംഗത്തെ പ്രഗത്ഭരായ സര്‍ഗാലയ, ഉറവ്, കിര്‍താഡ്‌സ് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ളീ മാര്‍ക്കറ്റ് ഫെസ്റ്റിവലിന്റെ മോടി കൂട്ടും. കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, മാരിടൈം ബോര്‍ഡ്, ടൂറിസം തുടങ്ങിയവയുടെ പ്രത്യേക പവലിയനും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടായിരിക്കും.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് എല്ലാവര്‍ഷവും നടത്താനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, സബ് കലക്ടർ വി. ചെൽസസിനി
വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയരക്ടര്‍ സി.എന്‍ അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.