ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിൻ്റെ പ്രധാന ലക്ഷ്യം : മന്ത്രി കെ. രാജൻ

Share

ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിൻ്റെ മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് കൂടുതൽ പുതുമയോടെയും വേഗതയോടെയും മുന്നോട്ട് പോവുകയാണ്. ഭൂരഹിതർ ഇല്ലാത്ത കേരളം വാർത്തെടുക്കുന്നതിന്റെ ഭാഗമായി പട്ടയ മിഷൻ എന്ന പുതിയ ആശയത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. പട്ടയ മിഷൻ നിലവിൽ വരുന്നതോടെ വില്ലേജ് തല ജനകീയ സമിതി വഴി രാഷ്ട്രീയ പ്രവർത്തകർക്കും എംഎൽഎ അധ്യക്ഷനായ റവന്യൂ അസംബ്ലി വഴി ജനപ്രതിനിധികൾക്കും തങ്ങളുടെ ചുറ്റുവട്ടത്തെ ഭൂരഹിതരെ കണ്ടെത്താനും, ഇവർക്ക് കൊടുക്കാൻ കഴിയുന്ന ഭൂമി കൃത്യമായി കണ്ടെത്തി അറിയിക്കാനും സാധിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഉള്ള ദൗത്യസംഘം കൃത്യമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കും.

ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പട്ടയം ഡാഷ്ബോർഡിലേക്ക് എത്തും. ഈ പ്രശ്നങ്ങൾ മൂന്നുമാസത്തിലൊരിക്കൽ മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ വന്ന് രണ്ടര വർഷം പിന്നിടുമ്പോൾ രണ്ടേകാൽ ലക്ഷത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു. മുപ്പതിനായിരം പട്ടയങ്ങൾ കൂടി തയ്യാറായിട്ടുണ്ട്.

Ad 5

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഡിജിറ്റൽ റീസർവ്വേ നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നാലുവർഷംകൊണ്ട് നടപടികൾ പൂർത്തിയാക്കി മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 840 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആവശ്യമായ സർവേയർമാരെയും ഹെൽപ്പർമാരെയും നിയമിച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റിലീസ്, സർവ്വേ വകുപ്പിന്റെ ഇ മാപ് തുടങ്ങിയ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി പോർട്ടൽ വരുന്നതോടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും. വില്ലേജ് ഓഫീസുകൾ മുതൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകൾ സമ്പൂർണ്ണ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.