മെൻസ്ട്രൽ കപ്പ്: ആർത്തവദിനങ്ങൾ പ്രകൃതി സൗഹൃദമാക്കി കേരള ഫീഡ്‌സ്

Share

നെടുമങ്ങാട്: കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യശുചിത്വ ബോധവത്കരണവും മെൻസ്ട്രൽകപ്പ് വിതരണവും പദ്ധതിക്ക് തുടക്കമായി. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. സ്ത്രീ സമൂഹത്തിന് പ്രയോജനകരമായ ആശയത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി സൗഹൃദവും സ്ത്രീ സൗഹൃദവുമായ മെൻസ്ട്രൽ കപ്പുകൾ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന ഏക മണ്ഡലമാണ് നെടുമങ്ങാട്. കേരളത്തിലാകെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാലയങ്ങളിലാണ് മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള കേരള ഫീഡ്‌സ് ലിമിറ്റഡ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നത്.

കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. 13 മുതൽ 17 വയസു വരെയുള്ള പെൺകുട്ടികൾ പഠിക്കുന്ന ഒൻപത് വിദ്യാലയങ്ങളിലായി 3,918 മെൻസ്ട്രൽ കപ്പുകളാണ് നൽകുന്നത്. വിപണിയിൽ 400 രൂപ വരെ വിലയുള്ള മെൻസ്ട്രൽകപ്പുകൾ നിർമിച്ച് നൽകുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡാണ്.